കേരളം സന്ദര്‍ശിക്കാനെത്തിയെ രണ്ട് ബ്രീട്ടീഷ് സഞ്ചാരികളോട് ഇംഗ്ലണ്ട് ഇന്ത്യയെ കൊള്ളയടിച്ചെന്ന് പറയുന്ന മലയാളി സ്ത്രീകളുടെ വീഡിയോ വൈറൽ. ഇംഗ്ലണ്ടുകാർ തങ്ങളെ കൊള്ളയടിച്ചെന്നും കുരുമുളക്, കൊഹിന്നീർ രത്നം തുടങ്ങി വില പിടിപ്പുള്ളതെല്ലാം ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍ കട്ടിക്കൊണ്ട് പോയെന്നും സ്ത്രീകൾ വളരെ ലാഘവത്തോടെ പറയുന്നു. അപ്രതീക്ഷിതമായി മലയാളി സ്ത്രീകളുടെ വിമർശനം കേട്ട് ചൂളുന്ന വിനോദ സഞ്ചാരികൾ പെട്ടെന്ന് തന്നെ അവിടെ നിന്നും സ്ഥലം കാലിയാക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതിനകം ഏഴര ലക്ഷം പേരാണ് കണ്ടത്.
ബ്രിട്ടീഷുകാര്‍ എല്ലാം മോഷ്ടിച്ചു
ബ്രീട്ടീഷ് ഉള്ളടക്ക സൃഷ്ടാവായ എമ്മയാണ് വീഡിയോ പങ്കുവച്ചത്. ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്രയിലെ “ഏറ്റവും അസ്വസ്ഥമായ നിമിഷങ്ങളിലൊന്ന്” എന്നാണ് ബ്രിട്ടീഷ് യാത്രക്കാർ ഈ സംഭാഷണത്തെ വിശേഷിപ്പിച്ചത്. എമ്മയും മറ്റൊരു സുഹൃത്തും ഫോർട്ട് കൊച്ചിയുടെ തെരുവിലൂടെ നടക്കുമ്പോഴാണ് മൂന്ന് സ്ത്രീകളെ കണ്ടുമുട്ടുന്നത്. ഇവരില്‍ ഒരു സ്ത്രീ അവരോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കുന്നു. ഇംഗ്ലണ്ട് എന്ന് എമ്മ മറുപടി പറയുന്നു. പിന്നാലെ “ഇന്ത്യയിലെ ഇംഗ്ലീഷുകാർ നമ്മളെ കൊള്ളയടിച്ചു… നിധി, കുരുമുളക്, എല്ലാം. നിങ്ങൾ ഇവിടെ നിന്ന് കൊള്ളയടിച്ച വിലയേറിയതും അപൂർവവുമായ ഒരു വജ്രമാണ് കോഹിനൂർ. അത് ഇന്ത്യയ്ക്ക് തിരികെ നൽകുക.” എന്ന് സ്ത്രീകളിലൊരാൾ പറയുന്നു. ഈ സമയം എമ്മയുടെ കൂടെയുള്ള ആൾ “നിങ്ങൾ എന്‍റെ പൂർവ്വികരോട് സംസാരിക്കണം” എന്ന് തമാശയായി പറയുന്നതും കേൾക്കാം. പിന്നാലെ ഇയാൾ ഞങ്ങൾ നല്ലൊരു റെയിൽവേ സ്റ്റേഷന്‍ നിർമ്മിച്ചെന്ന് പറയുന്നു. അതേസമയം “ഞങ്ങൾ ചാൾസ് രാജാവിനോട് സംസാരിച്ച് നിങ്ങളെ അറിയിക്കാം.” എന്നായിരുന്നു എമ്മയുടെ മറുപടി. സ്ത്രീയുടെ സംഭാഷണം കൂടെയുള്ളവരില്‍ ചിരി പടർത്തുന്നു. ഇതോടെ വളരെ ഗൗരവമുള്ള സംഭാഷണങ്ങൾ തമാശയായി മാറുന്നു.
