കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ നടി അഞ്ജലി നായർ രംഗത്ത്. എംഎൽഎ ആക്കാമെന്ന് പറഞ്ഞ് പലരും തന്റെ പക്കൽ നിന്ന് 35 ലക്ഷം രൂപ വാങ്ങിയെന്നും അവരെയൊന്നും വെറുതെ വിടില്ലെന്നും താൻ പറഞ്ഞതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അഞ്ജലി വ്യക്തമാക്കി. ഭർത്താവിനൊപ്പമുള്ള വീഡിയോയിലൂടെയാണ് താരം പ്രതികരിച്ചത്.
‘ജയിപ്പിച്ച് എംഎൽഎ ആക്കാമെന്ന് പറഞ്ഞ് പലരും പൈസ വാങ്ങി, ചെലവായത് 35 ലക്ഷം രൂപ, 3500 വോട്ട് പോലും ലഭിച്ചില്ല, ഒരുത്തനെയും വെറുതെ വിടില്ല’ എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. തൻ്റെ പേര് പോലും അഞ്ജലി മേനോൻ എന്നാണ് വാർത്തയിൽ നൽകിയിരിക്കുന്നത്. ഇത്തരത്തിൽ വ്യാജ പോസ്റ്റുകൾ ഇടുന്നവർ കാര്യങ്ങൾ പഠിച്ചും മനസ്സിലാക്കിയും വേണം ചെയ്യാൻ എന്ന് താരം പറഞ്ഞു.
മുൻപ് പലർക്കായി താൻ നൽകിയ 35 ലക്ഷം രൂപ തിരിച്ചു കിട്ടിയില്ലെന്ന് രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഈ കണക്കുകൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എല്ലാവരെയും നേരിൽ കണ്ട് ബോധ്യപ്പെടുത്താൻ കഴിയില്ല എന്നതിനാലാണ് സോഷ്യൽ മീഡിയ വഴി പ്രതികരിക്കുന്നതെന്നും തെറ്റായ കാര്യങ്ങൾ പ്രചരിക്കുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ലെന്നും അഞ്ജലി വ്യക്തമാക്കി.
സിനിമ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന പരിഹാസങ്ങൾക്കും താരം മറുപടി നൽകി. “മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹത്തോടെ രാഷ്ട്രീയത്തിൽ വരാൻ തീരുമാനിച്ചത്. ഒരു തെരഞ്ഞെടുപ്പിലെ തോൽവി കൊണ്ട് ഒരടി പോലും പിന്നോട്ടില്ല” – അഞ്ജലി പറഞ്ഞു. സത്യം മനസ്സിലാക്കി പ്രതികരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും താരം കൂട്ടിച്ചേർത്തു.
