കെ.സി -അബ്ദുള്ളക്കുട്ടി ബന്ധം ദുരൂഹം; അബ്ദുള്ളക്കുട്ടിയുടെ പുസ്തകമെഴുതിയത് താനെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

കോഴിക്കോട്: ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയുടെ ആദ്യ പുസ്തകം താനാണ് എഴുതിയതെന്നും അബ്ദുള്ളക്കുട്ടിയും കെ.സി. വേണുഗോപാലും തമ്മിലുള്ള ആത്മബന്ധം ദുരൂഹമാണെന്നുമുള്ള വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകന്‍. മാധ്യമപ്രവര്‍ത്തകനായ അന്‍വര്‍ പാലേരിയാണ് ‘നിങ്ങളെന്നെ കോണ്‍ഗ്രസാക്കി’ എന്ന ഇപ്പോഴത്തെ ബി.ജെ.പി നേതാവ് അബ്ദുള്ളക്കുട്ടിയുടെ ആദ്യ പുസ്തകം താനാണ് എഴുതിയതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസിനെ ബി.ജെ.പിക്ക് അനുകൂലമാക്കി മാറ്റുമെന്നും കെ.സി മുഖ്യമന്ത്രിയായാല്‍ അത് കോണ്‍ഗ്രസ് അവസാനിക്കാന്‍ കാരണമാവും എന്നും അന്‍വര്‍ പാലേരി പറയുന്നു.

സി.പി.ഐ.എം എം.പി ആയിരിക്കുന്ന കാലം മുതല്‍ അബ്ദുള്ള കുട്ടിയുടെ ഉറ്റമിത്രം കെ.സി വേണുഗോപാല്‍ ആയിരുന്നുവെന്നും കോണ്‍ഗ്രസ്സില്‍ നിന്ന് പോയ അബ്ദുള്ളക്കുട്ടി ദല്‍ഹിയില്‍ ബി.ജെ.പിക്കാരനായി പൊങ്ങിയപ്പോഴും ഉറ്റ മിത്രം കെ.സി ആണെന്നും അന്‍വര്‍ പലേരി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അന്നും ഇന്നും കെ.സി വേണുഗോപാലും അബ്ദുള്ളക്കുട്ടിയും തമ്മിലുള്ള ആത്മബന്ധം ദുരൂഹമാണെന്നും കെ.സി കോണ്‍ഗ്രസിനെ അമിത് ഷായുടെ ആലയില്‍ കെട്ടും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും മാധ്യമപ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പിണറായി കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ബലി കഴിക്കാന്‍ അവതരിച്ച അന്തകനാണെങ്കില്‍ കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസിനെ മോദിയുടെ അടുക്കളയില്‍ വെപ്പുകാരനാവാന്‍ കരാര്‍ എടുത്തവനാണെന്നും അന്‍വര്‍ പാലേരി അഭിപ്രായപ്പെട്ടു. കെ.സി കേരളത്തിന്റെ മുഖ്യമന്ത്രി ആവരുത് എന്ന സദുദ്ദേശ്യം മാത്രമാണ് ഈ എഴുത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും കെ.സി മുഖ്യമന്ത്രിയായാല്‍ കോണ്‍ഗ്രസ് അതോടെ തീര്‍ന്നു കിട്ടുമെന്നും പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അന്‍വര്‍ പാലേരി അവസാനിപ്പിക്കുന്നത്.

സി.പി.ഐ.എം ടിക്കറ്റില്‍ ജയിച്ച് 1999 മുതല്‍ 2009 വരെ രണ്ട് ടേം കണ്ണൂര്‍ എം.പിയായിരുന്ന അബ്ദുള്ളക്കുട്ടി 2009ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2008ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന് അബ്ദുള്ളക്കുട്ടിയെ സി.പി.ഐ.എം പുറത്താക്കിയതിനെത്തുടര്‍ന്നായിരുന്നു പാര്‍ട്ടി മാറ്റം. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലേക്ക് മാറിയ ശേഷം 2010ലാണ് നിങ്ങളെന്ന കോണ്‍ഗ്രസാക്കി എന്ന പുസ്തകം പുറത്തിറങ്ങിയത്.

2019ലായിരുന്നു അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയത്. കോണ്‍ഗ്രസ് നേതാവായിരിക്കെ അബ്ദുള്ളക്കുട്ടി കേന്ദ്രത്തിലെ ഒന്നാം മോദി സര്‍ക്കാരിന്റെ ചില പദ്ധതികളെ പ്രശംസിക്കുകയും 2019ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയത് ആ സര്‍ക്കാരിന് ജനം നല്‍കിയ അംഗീകാരമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഈ വിഷയത്തില്‍ വിശദീകരണം തേടിയെങ്കിലും താന്‍ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു. പിന്നീട് 2019 ജൂണില്‍ നരേന്ദ്ര മോദിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് പോവുകയും ചെയ്യുകയായിരുന്നു.