ഡബിൾ സെഞ്ചുറിയില്ല, രണ്ടാം ദിനം തുടക്കത്തിലെ ജയ്സ്വാള്‍ വീണു, വിന്‍ഡീസിനെതിരെ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ഡബിൾ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്സ്വാൾ, ശുഭ്മാൻ ഗില്ലുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടാവുകയായിരുന്നു.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റ് നഷ്ടം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക് സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് രണ്ടാം ദിനം തുടക്കത്തിലെ നഷ്ടമായത്. 258 പന്ത് നേരിട്ട് 175 റണ്‍സടിച്ച ജയ്സ്വാള്‍ ഗില്ലുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു. അതിവേഗ സിംഗിളിനായുള്ള ജയ്സ്വാളിന്‍റെ ശ്രമമാണ് റണ്ണൗട്ടില്‍ കലാശിച്ചത്. 22 ബൗണ്ടറികള്‍ അടങ്ങുന്നതാണ് ജയ്സ്വാളിന്‍റെ ഇന്നിംഗ്സ്.

ഡബിള്‍ സെഞ്ചുറി പ്രതീക്ഷ പൊലിഞ്ഞു

രണ്ടാം ദിനം ആദ്യ സെഷനില്‍ യശസ്വി ജയ്സ്വാളിന്‍റെ ഡബിള്‍ സെഞ്ചുറി കാണാനിരുന്ന ആരാധകരെ നിരാശരാക്കിയാണ് യുവ ഓപ്പണര്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായത്. പന്ത് മിഡോഫിലേക്ക് തട്ടിയിട്ട് ജയസ്വാള്‍ അഥിവേഗ സിംഗിളിന് ശ്രമിച്ചപ്പോള്‍ ഗില്‍ പ്രതികരിക്കാതെ തിരിച്ചയച്ചതാണ് റണ്ണൗട്ടില്‍ കലാശിച്ചത്. ഗില്‍ തിരിച്ചയച്ചപ്പോള്‍ തിരികെ ഓടിയ ജയ്സ്വാള്‍ ക്രീസിലെത്തും മുമ്പെ മിഡോഫില്‍ നിന്നുള്ള ടാഗ്നരൈയന്‍ ചന്ദര്‍പോളിന്‍റെ ത്രോ പിടിച്ചെടുത്ത് ടെവിന്‍ ഇമ്ലാച്ച് ബെയ്‌ൽസിളക്കിയിരുന്നു. മൂന്നാം വിക്കറ്റില്‍ 74 റണ്‍സാണ് ജയ്സ്വാള്‍-ഗില്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. ജയ്സ്വാള്‍ മടങ്ങിയതോടെ അഞ്ചാം നമ്പറില്‍ ധ്രുവ് ജുറെലിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയാണ് ക്രീസിലെത്തിയത്.