ഇൻസ്റ്റഗ്രാം സൗഹൃദം വിനയായി, വിദേശത്ത് പോയിട്ടും രക്ഷയില്ല! യുവതിയുടെ പീഡനപരാതിയിൽ അറസ്റ്റ്

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കിളിമാനൂരിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പത്തനാപുരം സ്വദേശി ഷെമീർ അറസ്റ്റിലായി. യുവതി ജോലിക്ക് വിദേശത്ത് പോയപ്പോൾ അവിടെയുമെത്തി ഇയാൾ ശല്യം തുടർന്നു. നാട്ടിൽ മടങ്ങിയെത്തിയ യുവതി നൽകിയ പരാതിയിൽ നടപടി.

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം, ഇടത്തറ സ്വദേശി ഷെമീറി(36)നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചിതറ, വളവുപച്ച സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കിളിമാനൂരിലെ ലോഡ്‌ജിൽ വച്ച് പീഡിപ്പിച്ചെന്നും വിദേശത്ത് പോയ തന്നെ പിന്നാലെയെത്തി ശല്യം ചെയ്തെന്നുമുള്ള പരാതിയിലാണ് നടപടി.

ചിതറ സ്വദേശിയായ യുവതി കിളിമാനൂരിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിക്കുകയായിരുന്നു. ഈ സമയത്താണ് യുവാവുമായുള്ള സൗഹൃദം സംഭവിച്ചത്. ഇൻസ്റ്റഗ്രാമിലാണ് ഷെമീറും യുവതിയും പരിചയപ്പെട്ടത്. പിന്നീട് ഷെമീർ കിളിമാനൂരിലെത്തി. 2024 മെയ് 25 ന് യുവതിയെ കിളിമാനൂരിലെ ലോഡ്‌ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് യുവതി കിളിമാനൂരിലെ പഠനം നിർത്തി. കുറച്ച് നാളുകൾക്ക് ശേഷം ജോലി തേടി വിദേശത്തേക്ക് പോയി. എന്നാൽ ഷെമീർ യുവതിയെ തേടി വിദേശത്തേക്ക് എത്തി. സുഹൃത്തുക്കൾ വഴി യുവതിയുടെ താമസസ്ഥലം കണ്ടെത്തിയ ഷെമീർ നിരന്തരം യുവതിയുടെ പിന്നാലെ പോയി ശല്യം ചെയ്തു. ഇതോടെ യുവതി നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരത്ത് എത്തിയ യുവതിയെ പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഷെമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനകളടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.