പലസ്തീനിയൻ ജനതയെ തുറന്ന ജയിലിൽ അടച്ചത് പോലുള്ള അധിനിവേശത്തിന് മണ്ണൊരുക്കിയതും വിത്തും വളവും നൽകിയതും ബ്രിട്ടനാണ് എന്നതും ഹമാസ് മറക്കാനിടയില്ല

ഗാസയിൽ ഇസ്രയേൽ തുടരുന്ന വംശഹത്യാ നടപടികൾ രണ്ട് വർഷത്തോട് അടുക്കുകയാണ്. ഗാസയിലെ മനുഷ്യത്വ വിരുദ്ധ നീക്കങ്ങൾക്കെതിരെ ലോകം ശക്തമായി പ്രതികരിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്കുള്ള പുതിയ നീക്കം പ്രതീക്ഷ പകരുന്നതാണ്. ഇസ്രയേലുമായി നടന്ന നീണ്ട ചർച്ചകൾക്ക് ശേഷം ഗാസയിൽ സമാധാനം കൊണ്ടുവരാനായി ട്രംപ് മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ ഹമാസ് ഭാഗികമായി അംഗീകരിച്ചിരിക്കുന്നു. തങ്ങളുടെ പക്കലുള്ള, എല്ലാ ഇസ്രയേലി ബന്ദികളെയും, മരിച്ചവരുടെ ശേഷിപ്പുകളടക്കം, വിട്ടുനൽകും എന്നാണ് ഹമാസിൻ്റെ ഉറപ്പ്.
കാര്യങ്ങൾ ലളിതമാണ്. ട്രംപിനെയും ടോണി ബ്ലെയറിനെയും ഹമാസിന് അത്ര വിശ്വാസം പോരാ എന്നുതന്നെ വേണം കരുതാൻ. അതിന് തക്കതായ കാരണങ്ങളും ഉണ്ടാകാം. പ്രോ ഇസ്രയേൽ നിലപാടുള്ള അതിലുപരി ഗാസയിലെ ജനങ്ങളുടെ ദുരിതത്തെ തരിമ്പും പരിഗണിക്കാത്ത ട്രംപ് തലപ്പത്തുള്ള ഒരു ഗവേർണിംഗ് ബോഡി എന്നത് ഗാസയെ എങ്ങനെ ബാധിക്കുമെന്നതിൽ ഹമാസിന് ഒരുപക്ഷെ സംശയമുണ്ടായിരിക്കാം. പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ ഇറാഖ് അധിനിവേശകാലത്ത് യുഎസിന് പിന്തുണയുമായി അന്ന് ടോണി ബ്ലെയർ സജീവമായി ഉണ്ടായിരുന്നു. പിന്നീട് അമേരിക്കയും ബ്രിട്ടനുമെല്ലാം ചേർന്ന് ഇറാഖിനെ ഏതുവിധത്തിൽ ദുർബലരാക്കി എന്നതും ഒരു നേർചിത്രമായി മുന്നിലുണ്ട്. നേരത്തെ ഹിസ്ബുള്ളയെ ഈ നിലയിൽ അമേരിക്കൻ സമാധാന ഇടപെടലിലൂടെ ദുർബലപ്പെടുത്തിയതും ഒരു പാഠമായി ഹമാസിന് മുന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ചാവും വിഷയത്തിൽ കൂടുതൽ ചർച്ചകൾ എന്ന ആവശ്യം ഹമാസ് മുന്നോട്ട് വെച്ചിരിക്കുക.
ട്രംപുമായി ബന്ധപ്പെട്ട് വേറെയും ആശങ്കകൾ ഹമാസിനുണ്ട്. ഗാസയ്ക്ക് മേൽ ട്രംപ് പ്രകടിപ്പിച്ച റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങളാണ് അതിൽ പ്രധാനം. പലസ്തീനെ ജനതയെ ഗാസയിൽ നിന്നും പറിച്ച് നടാനുള്ള ആശയം കൂടി ഇതിൻ്റെ ഭാഗമായി നേരത്തെ ട്രംപ് അവതരിപ്പിച്ചിരുന്നു. ഈ നിലയിൽ പലസ്തീനിയൻ ജനതയുടെ അസ്ഥിത്വത്തെ പോലും അവഗണിക്കുന്ന നിലപാടുള്ള ട്രംപിനെ എങ്ങനെ വിശ്വസിക്കാം എന്ന് ഹമാസ് ചിന്തിച്ചേക്കാം.
കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ ഗാസ എന്ന പേരിൽ ട്രംപ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. വലിയ കെട്ടിടങ്ങൾ, ബീച്ച് സൈഡ് റിസോർട്ടുകൾ, തന്റെ പൂർണകായ സ്വർണപ്രതിമ, അങ്ങനെ ഗാസയെ മൊത്തമായി ഏറ്റെടുത്ത് വലിയ ഒരു സാമ്രാജ്യം പണിയാനുള്ള ഒരു ബ്ലൂപ്രിന്റായിരുന്നു ട്രംപിന്റെ ആ വീഡിയോ. ഒരുപക്ഷെ ലോകത്ത് ആദ്യമായാകും രണ്ടാം ലോകമഹായുദ്ധത്തിന് ഒരു രാഷ്ട്രതലവൻ ഈ നിലയിൽ തങ്ങൾക്ക് ഒരു നിലയിലും ഒരു ക്ലെയിമും ഇല്ലാത്ത ഒരു പരമാധികാര ഭൂപ്രദേശത്തെ തങ്ങളുടെ കോളനിയാക്കി മാറ്റുമെന്ന നിലയിൽ ലോകത്തോട് പ്രഖ്യാപിക്കുന്നത്. പലസ്തീനികളെ ഗാസയിൽ നിന്ന് പുറത്താക്കുമെന്നും ഗാസ മുഴുവനായി യുഎസ് ഏറ്റെടുക്കുമെന്നും ധിക്കാരത്തിൻ്റെ സ്വരത്തിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ ട്രംപിന് ഗാസയിലുള്ള താത്പര്യം യുദ്ധം അവസാനിപ്പിക്കാനാണോ അതോ ഏറ്റെടുത്ത് കാശുണ്ടാക്കാനാണോ എന്ന ആശങ്കയിൽ വസ്തുതയുമുണ്ട്. ഇങ്ങനെയെല്ലാമിരിക്കെ ട്രംപ് തലപ്പത്തുള്ള ഒരു ഗവേർണിങ് ബോഡിയെ ഹമാസ് അംഗീകരിക്കും എന്ന് കരുതുന്നത് തന്നെ മണ്ടത്തരമാണ്. ഗാസയെ എന്നന്നേക്കുമായി യുഎസിനും പാശ്ചാത്യശക്തികൾക്കും തീറെഴുതിക്കൊടുക്കുന്ന നടപടിയെ പിന്തുണച്ച് സമാധാനം വേണമോയെന്ന് ഹമാസ് രണ്ടാമതൊന്ന് ആലോചിച്ചേക്കുമെന്ന് തീർച്ചയാണ്.
ടോണി ബ്ലെയറിനെയും പശ്ചിമേഷ്യ അങ്ങനെ മറക്കാനിടയില്ല. യുഎസിന്റെ ഇറാഖ് അധിനിവേശ കാലത്ത് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ തോളോട് തോൾ ചേർന്ന് നിന്നയാൾ. രണ്ട് ലക്ഷത്തോളം സാധാരണക്കാർ മരിച്ച ആ അധിനിവേശത്തിന്റെ പാപക്കറ ബ്ലെയറിന്റെ കൈയിൽ നിന്ന് ഇനിയും പോയിട്ടുണ്ടാകില്ല. തെറ്റായ ഇന്റലിജൻസ് വിവരങ്ങളുടെ പേരിൽ ഇറാഖിലേക്ക് ഇരച്ചുകയറിയതിന് ബ്ലെയർ പിന്നീട് മാപ്പുപറഞ്ഞെങ്കിലും പശ്ചിമേഷ്യ ആ ചരിത്രം അങ്ങനെ മറക്കാനിടയില്ല. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടനെ ഏറ്റവു കൂടുതൽ തവണ യുദ്ധമുഖങ്ങളിലേക്കെത്തിച്ചത് ടോണി ബ്ലെയർ ആണെന്ന കണക്കും നമുക്ക് മുൻപിലുണ്ട്.
ഇത് കൂടി ഹമാസിനെ ഇരുത്തിച്ചിന്തിപ്പിച്ചിരിക്കണം. മാത്രമല്ല പലസ്തീനിയൻ ജനതയെ തുറന്ന ജയിലിൽ അടച്ചത് പോലുള്ള അധിനിവേശത്തിന് മണ്ണൊരുക്കിയതും വിത്തും വളവും നൽകിയതും ബ്രിട്ടനാണ് എന്നതും ഹമാസ് മറക്കാനിടയില്ല. പലസ്തീൻ വിഷയത്തിൽ ബ്രിട്ടൻ കാലാകാലങ്ങളായി എങ്ങനെയാണ് തങ്ങളുടെ ജനതയെ വഞ്ചിച്ചതെന്നും സ്വന്തം ഭൂമിയിൽ തന്നെ പലസ്തീനികളെ അഭയാർത്ഥികളാക്കിയതെന്നും ഹമാസ് നൂറ് വട്ടം ആവർത്തിച്ച് വിശകലനം ചെയ്യാതിരിക്കില്ല. ഇത്തരം അധിനിവേശ യുദ്ധസംസ്കാരത്തിൻ്റെ പാരമ്പര്യം പേറുന്ന ടോണി ബ്ലെയറും ട്രംപും ചേരുമ്പോൾ നീതി ആർക്കൊപ്പമാകും എന്നതിൽ ഹമാസിന് സംശയമുണ്ടായേക്കില്ല.
അമേരിക്കയുടെ ഇടപെടൽ കുറയ്ക്കുക എന്നതാണ് ട്രംപിനെയും ടോണി ബ്ലെയറിന്റെയും നേതൃത്വത്തിലുള്ള സമിതിയെ നിരാകരിക്കാൻ ഹമാസ് പറഞ്ഞ കാരണം. അത് കാരണം മാത്രമാണ്. ചരിത്രം നമുക്ക് മുൻപിൽ നീണ്ടുകിടക്കുകയാണ്. ഹമാസിനെ നിരായുധീകരിക്കണമെന്നതിൽ ആർക്കും തർക്കമുണ്ടായേക്കില്ല. എന്നാൽ ഗാസയിൽ ഇസ്രയേലിൻ്റെ അടിച്ചമർത്തലും അധിനിവേശവും വംശീയ കൂട്ടക്കൊലകളും തുടരുന്ന കാലത്തോളം ഹമാസിൻ്റെ പ്രസക്തി ഇല്ലാതാകില്ല എന്ന യാഥാർത്ഥ്യവും ലോകം അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ ഹമാസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളുടെ പേരിൽ പേരിൽ ഗാസയുടെ അസ്തിത്വം ഇല്ലാതാക്കാൻ ശ്രമമുണ്ടാകുന്നതാണ് പ്രശ്നം. പലസ്തീൻ പലസ്തീനികളുടേതാണ്. ആ പ്രദേശം കൈമാറേണ്ടത് പലസ്തീനികൾക്കാണ്, അതിന്റെ ഭാവി തീരുമാനിക്കേണ്ടതും അവർ മാത്രമാണ്.
