നാഗ്പൂര്‍: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വിദര്‍ഭ മികച്ച നിലയില്‍. നാഗ്പൂരില്‍, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിദര്‍ഭ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 58 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 188 റണ്‍സെടുത്തിട്ടുണ്ട്. അഥര്‍വ തൈഡേ (76), യാഷ് റാത്തോഡ് (57) എന്നിവരാണ് ക്രീസില്‍. മാനവ് സുതര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപിന് ഒരു വിക്കറ്റുണ്ട്. അമന്‍ മൊഖാഡെ (19), ധ്രുവ് ഷോറെ (18), ഡാനിഷ് മലേവാര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്.

ഭേദപ്പെട്ട തുടക്കമായിരുന്നു വിദര്‍ഭയ്ക്ക്. ഒന്നാം വിക്കറ്റില്‍ അഥര്‍വ – അമന്‍ സഖ്യം 40 റണ്‍സ് ചേര്‍ത്തിരുന്നു. അകാശ് ദീപാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. അമന്‍ മൊഖാഡെ പുറത്ത്, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച്. തുടര്‍ന്ന് അഥര്‍വ – ഷോറെ സഖ്യം 40 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് നന്നായി മുന്നോട്ട് പോകുന്നതിനിടെ സുതര്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഒരു ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ സുതര്‍ സ്വന്തമാക്കി.
ഷോറെയെ ബൗള്‍ഡാക്കിയ സുതര്‍, അതേ ഓവറില്‍ അഞ്ചാം പന്തില്‍ മലേവാറിനെ കിഷന്റെ കൈകളിലേക്ക് അയക്കുകയും ചെയ്തു. മൂന്നിന് 80 എന്ന നിലയിലേക്ക് വീണ വിദര്‍ഭയെ തൈഡേ – യാഷ് സഖ്യമാണ് കരകയറ്റിയത്. ഇരുവരും ഇതുവരെ 108 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം…
വിദര്‍ഭ: അഥര്‍വ തൈഡെ, അമന്‍ മൊഖഡെ, ധ്രുവ് ഷോറേ, ഡാനിഷ് മാലേവാര്‍, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കര്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), പാര്‍ത്ഥ് രെഖാഡെ, ഹര്‍ഷ് ദുബെ, യാഷ് താക്കൂര്‍, ദര്‍ശന്‍ നാല്‍കണ്ടെ, ആദിത്യ താക്കറെ.
റെസ്റ്റ് ഓഫ് ഇന്ത്യ: അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്, ആര്യന്‍ ജുയല്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), യാഷ് ദുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതര്‍, സരന്‍ഷ് ജെയിന്‍, അന്‍ഷുല്‍ കംബോജ്, ആകാശ് ദീപ്, ഗുര്‍നൂര്‍ ബ്രാര്‍.
