ഖത്തറിനെ തൊട്ടാൽ വിവരമറിയും, സൈനിക നടപടി ഉറപ്പ്; നിർണായക ഉത്തരവിൽ ഒപ്പ് വെച്ച് ട്രംപ്, നെതന്യാഹുവിനുള്ള മറുപടി ?

വാഷിങ്ടൺ: ഖത്തറിനെ സംരക്ഷിക്കാൻ അമേരിക്ക സൈനിക നടപടി ഉൾപ്പെടെ എല്ലാ നടപടികളും ഉപയോഗിക്കുമെന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസാ യുദ്ധം സംബന്ധിച്ച് ഇസ്രായേലുമായി വെടിനിർത്തൽ അംഗീകരിക്കുന്നത് പരിഗണിക്കുന്നതിനിടെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഖത്തറിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെത്തുടർന്നാണ് അമേരിക്കൻ സംരക്ഷണം ഉറപ്പ് നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചത്. ഖത്തറിന് അമേരിക്കയുടെ പിന്തുണ ഉറപ്പ് നൽകാനുള്ള ട്രംപിൻ്റെ മറ്റൊരു നടപടിയായിട്ടാണ് ഉത്തരവ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഇതിന് എത്രത്തോളം നിയമപരമായ പ്രാബല്യമുണ്ടാകുമെന്ന് വ്യക്തമല്ല. ഉത്തരവിൻ്റെ ഉള്ളടക്കം ബുധനാഴ്ച വൈറ്റ് ഹൗസിൻ്റെ വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്.

ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ

രണ്ട് രാജ്യങ്ങളും തമ്മിലുള്ള അടുപ്പമുള്ള സഹകരണവും എടുത്തുപറയുന്ന ഉത്തരവിൽ മറ്റ് രാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ഖത്തറിന് സുരക്ഷയും അതിർത്തിയും ഉറപ്പാക്കുമെന്ന് വ്യക്തമാക്കുന്നു. ഖത്തറിൻ്റെ അതിർത്തി, പരമാധികാരം അല്ലെങ്കിൽ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ഏതൊരു സായുധ ആക്രമണവും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ സമാധാനത്തിനും സുരക്ഷയ്ക്കും ഉള്ള ഭീഷണിയായി കണക്കാക്കും. അത്തരമൊരു ആക്രമണമുണ്ടായാൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെയും ഖത്തർ രാജ്യത്തിൻ്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമായി നയതന്ത്രപരവും സാമ്പത്തികപരവും ആവശ്യമെങ്കിൽ സൈനികപരവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും യുണൈറ്റഡ് സ്റ്റേറ്റ്സ് സ്വീകരിക്കുന്നതാണ് എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വാഷിംഗ്ടൺ സന്ദർശിച്ചിരുന്നു. ഈ വേളയിലാണ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതെന്നാണ് സൂചന. സന്ദർശന വേളയിൽ, ട്രംപ് നെതന്യാഹുവിന് ഖത്തറുമായി സംസാരിക്കാൻ അവസരമൊരുക്കിയിരുന്നുവെന്നും വിവരമുണ്ട്.