തിരുവനന്തപുരം: ശുചിത്വവും മാലിന്യപരിപാലന നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 2025 ഒക്ടോബർ 10-ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധനകൾ നടത്തി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുമായി 845 സ്ക്വാഡുകൾ പങ്കെടുത്ത പരിശോധനകളിൽ 2455 ചട്ടലംഘനങ്ങൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 1.17 കോടി രൂപ പിഴ ചുമത്തി.
ശുചിത്വനിയമങ്ങൾ കർശനമായി നടപ്പാക്കാനും ‘മാലിന്യമുക്ത കേരളം’ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാനും ലക്ഷ്യമിട്ട് വകുപ്പ് തുടർച്ചയായി നടത്തുന്ന നടപടികളുടെ ഭാഗമാണ് ഈ പരിശോധന. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (359) ചട്ടലംഘനങ്ങൾ കണ്ടെത്തിയത്. കൊല്ലം (323), കോഴിക്കോട് (315) ജില്ലകളിലും മുന്നൂറിൽ കൂടുതൽ ലംഘനങ്ങൾ കണ്ടെത്തി. തൃശൂർ ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ (17.77 ലക്ഷം) പിഴ ചുമത്തിയത്.
കോഴിക്കോട് (17.42 ലക്ഷം), കൊല്ലം (14.26 ലക്ഷം), തിരുവനന്തപുരം (11.87 ലക്ഷം), ഇടുക്കി (11 ലക്ഷം) ജില്ലകളിലും പത്ത് ലക്ഷം രൂപയ്ക്കു മുകളിൽ പിഴ ചുമത്തി. ഇടുക്കി ജില്ലയിൽ 202 ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. കണ്ണൂരിൽ 170 ലംഘനങ്ങൾക്ക് 8.71 ലക്ഷം രൂപയും, കോട്ടയത്ത് 103 സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 192 ലംഘനങ്ങൾക്ക് 4.53 ലക്ഷവും, എറണാകുളത്ത് 49 സ്ക്വാഡുകൾ നടത്തിയ 417 പരിശോധനകളിൽ കണ്ട 92 ലംഘനങ്ങൾക്ക് 9.50 ലക്ഷം രൂപയും പിഴ ചുമത്തി.
