ജനറൽ ടിക്കറ്റ് പോലുമില്ലാതെ യുവതികളുടെ ഫസ്റ്റ് എസി യാത്ര; പിടിച്ചപ്പോൾ ബന്ധുക്കൾ റെയിൽവേയിലെന്ന് മറുപടി, ജാതീയ അധിക്ഷേപവും

ന്യൂഡൽഹി: ടിക്കറ്റില്ലാതെ ട്രെയിനിന്‍റെ ഫസ്റ്റ് എ സി കോച്ചിൽ യാത്ര ചെയ്ത രണ്ട് യുവതികൾ ടിക്കറ്റ് ടിടിഇയുമായി തർക്കിക്കുകയും ജാതീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. റെഡ്ഡിറ്റിലെ ‘r/IndianRailways’ എന്ന സബ്‌റെഡിറ്റിലാണ് സംഭവം ആദ്യം പങ്കുവെക്കപ്പെട്ടത്. സാധുവായ ടിക്കറ്റില്ലാതെ ഫസ്റ്റ് എസി കോച്ചിൽ യാത്ര ചെയ്ത രണ്ട് യുവതികൾ ടിക്കറ്റ് എക്സാമിനർ ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തർക്കവും പരിഹാസവും
“ദയവായി ടിക്കറ്റ് കാണിക്കൂ. ടിക്കറ്റില്ലാതെ നിങ്ങൾ എങ്ങനെയാണ് ഒരു ഫസ്റ്റ് എസി കോച്ചിൽ കയറിയത്?” എന്ന് ടിടിഇ ചോദിക്കുമ്പോൾ, യുവതികളിൽ ഒരാൾ (കൂടെ മകളുമുണ്ടായിരുന്നു) വീഡിയോ റെക്കോർഡ് ചെയ്യുന്നതിനെ എതിർത്തു. “നിങ്ങളുടെ ജോലി ചെയ്യുന്നതിനെ ഞാൻ ബഹുമാനിക്കുന്നു, പക്ഷെ എന്‍റെ വീഡിയോ റെക്കോർഡ് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല” യുവതി പറഞ്ഞു.

ഒരു ഘട്ടത്തിൽ, ഉദ്യോഗസ്ഥനെ പരിഹസിച്ചുകൊണ്ട് യുവതി ചോദിച്ചു: “നിങ്ങൾക്ക് എങ്ങനെയുള്ള ചിത്രമാണ് വേണ്ടത്? സെൽഫി എടുക്കുമോ?” (ഹിന്ദിയിൽ) ഇതിനിടെ മകൾ അരികിൽ നിന്ന് പോസ് ചെയ്യുകയും ചെയ്തു. തനിക്ക് ഇന്ത്യൻ റെയിൽവേയിൽ ബന്ധുക്കളുണ്ടെന്നും സഹോദരൻ ലോക്കോ പൈലറ്റാണെന്നും സ്ഥാപിക്കാൻ ശ്രമിച്ച യുവതി, വാഷ്‌റൂം ഉപയോഗിച്ച ശേഷം ജനറൽ കംപാർട്ട്‌മെന്‍റിലേക്ക് പോകാനിരിക്കുകയായിരുന്നു എന്നും ടിടിഇയോട് പറഞ്ഞു. “നിങ്ങൾ ജനറൽ കംപാർട്ട്‌മെന്‍റിലേക്ക് പോവുകയാണെങ്കിൽ പോലും, യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട്. നിങ്ങളുടെ കൈവശം അതില്ല.” എന്ന് ടിടിഇ ഇതിനോട് മറുപടി പറയുന്നുമുണ്ട്.

ജാതി അധിക്ഷേപം

തുടർന്ന്, പ്രകോപിതയായ യുവതി ടിടിഇയുടെ പേര് ചോദിച്ചറിഞ്ഞ ശേഷം, അദ്ദേഹം മറ്റൊരു ജാതി വിഭാഗത്തിൽ നിന്നുള്ള ആളായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാക്കില്ലായിരുന്നു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ജാതീയ പരാമർശം നടത്തുകയായിരുന്നു. “ജാതീയ പരാമർശങ്ങൾ എന്നോട് നടത്തരുത്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തിട്ടും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇതാണ് – ബഹളമുണ്ടാക്കി സംസാരിക്കുന്നത്.” എന്ന് ടിടിഇ ഞെട്ടലോടെ മറുപടി നൽകി. ഈ സംഭവം സംബന്ധിച്ച് ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തിറക്കിയിട്ടില്ല.

ഈ ആഴ്ച ആദ്യം, ടിക്കറ്റില്ലാതെ എസി കോച്ചിൽ യാത്ര ചെയ്തതിന് ബീഹാറിൽ നിന്നുള്ള ഒരു സർക്കാർ സ്‌കൂൾ അദ്ധ്യാപിക പിടിയിലായിരുന്നു. ടിടിഇ റെക്കോർഡ് ചെയ്ത ഈ സംഭവത്തിന്‍റെ വീഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെ, ഈ യുവതി തന്നെ കുടുംബാംഗങ്ങളോടൊപ്പം ബീഹാറിലെ റെയിൽവേ സ്റ്റേഷനിൽ ബഹളമുണ്ടാക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു.