സ്വർണ്ണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 1999- 2025 വരെയുള്ള ഇടപാടുകൾ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2019ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായെന്ന് അദ്ദേഹം സമ്മതിച്ചു.
ബോർഡിൻ്റെ തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ അല്ലായിരുന്നുവെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻപോറ്റി ആരാണെന്ന് ദേവസ്വം ബോർഡിനും ധാരണയില്ലെന്ന് പ്രസിഡൻ്റ് കൂട്ടിച്ചേര്‍ത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അയ്യപ്പ സംഗമത്തെ എതിർത്തവരാണ് ആസൂത്രണത്തിന് പിന്നിലുള്ളത്.ആരോപണം ഉന്നയിച്ച ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വർണ്ണം ഇടപാടുമായി ബന്ധപ്പെട്ടുള്ള രജിസ്റ്ററുകൾ കൃത്യമായിട്ടുള്ളതാണ്. എന്നാൽ ഇക്കാര്യം കോടതിയെ ധരിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് പ്രസിഡൻ്റ് പറഞ്ഞു. മുന്നിൽ വന്ന രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതി വിമർശനം നടത്തിയത്. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
