പാക് സൈനിക പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി അഫ്‌ഗാനിസ്ഥാൻ. കാണ്ഡഹാറിലെ ഷോറാബക് ജില്ലയിൽ അഫ്ഗാൻ – പാക് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ. അഫ്‌ഗാൻ മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താൻ അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ അഫ്ഗാൻ താലിബാൻ പുറത്തുവിട്ടു. ഡസൻ കണക്കിന് പാകിസ്താൻ സൈനികർ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്.

കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിൽ ഇന്ന് രാവിലെ പാകിസ്താൻ ആക്രമണം നടത്തിയിരുന്നു. ആക്രമണങ്ങളിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. ആക്രമണത്തിൽ 100-ലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ 80 ഓളം പേർ സ്ത്രീകളും കുട്ടികളുമാണ്.
മറുപടിയായാണ് പാക് സൈനിക പോസ്റ്റുകളിലേക്ക് അഫ്ഗാൻ ഡ്രോൺ ആക്രമണം നടത്തിയത്. മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഇന്ത്യയിൽ എത്തിയതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താൻ കാബൂളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു നൽകിയ തിരിച്ചടിയിൽ 58 പാക് സൈനികരെ വധിച്ചതായി താലിബാൻ അവകാശപ്പെട്ടു.
