ട്രെയിനിൽ വെച്ച് മലയാളി പോലീസ് ഉദ്യോഗസ്ഥർക്ക് തോന്നിയ ഒരു ചെറിയ സംശയം ; പൊളിച്ചത് രാജ്യത്തെ ഞെട്ടിച്ച മനുഷ്യക്കടത്തു..
വിവേക് എക്‌സ്പ്രസ്സിന്റെ ബോഗികളിലൂടെയുള്ള ആ യാത്ര കേവലം ഒരു മടക്കയാത്രയായിരുന്നില്ല, അത് ഒരു നിയോഗമായിരുന്നു. ഭുവനേശ്വറിൽ നിന്ന് കേരളത്തിലേക്ക്, കേസന്വേഷണം കഴിഞ്ഞ് ക്ഷീണിച്ചു മടങ്ങുകയായിരുന്ന ആ മൂന്ന് മലയാളി പോലീസ് ഉദ്യോഗസ്ഥർ. ഡ്യൂട്ടി കഴിഞ്ഞു, ഇനി വിശ്രമം എന്ന് കരുതി കണ്ണടച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ 21 ബാല്യങ്ങൾ എവിടെയെങ്കിലും അടിമപ്പണിക്കാരായോ, ഇരുട്ടറകളിലോ അവസാനിച്ചേനെ.
പക്ഷേ, അവർ ഉറങ്ങിയില്ല. അവരുടെ ഉള്ളിലെ ‘പോലീസുകാരൻ’ ഉണർന്നിരിക്കുകയായിരുന്നു. തങ്ങളുടെ സീറ്റിന് സമീപം 10-നും 14-നും ഇടയിൽ പ്രായം തോന്നിക്കുന്ന കുറച്ചു കുട്ടികൾ. അവരുടെ കണ്ണുകളിൽ വല്ലാത്തൊരു അങ്കലാപ്പ്. ഭക്ഷണം കഴിക്കാൻ നേരമായപ്പോൾ ആ കുട്ടികൾ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ചിലവാക്കുന്നു. അതോടെ കൂടെ മാതാപിതാക്കളില്ല എന്ന് ബോധ്യപ്പെട്ടു. ആ കാഴ്ചയാണ് എറണാകുളം റൂറല്‍ ജില്ലയിലെ സി.പി.ഒമാരായ ടി.എസ് സുബീഷ്, കെ.എം മജീഷ്, പി.എസ് സുജിത്ത് ലാല്‍ എന്നിവരുടെ ഉള്ളിൽ സംശയത്തിന്റെ തീപ്പൊരിയിട്ടത്.
അവർ വെറുതെ നോക്കി ഇരുന്നില്ല. നേരെ പോയി ആ കുട്ടികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ബീഹാറിൽ നിന്നും വരുന്നവരാണ്. സ്‌കൂളിൽ പോകാറില്ല. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളിൽ കുട്ടികൾ പതറി. ഭയപ്പെടുത്തുന്ന മറ്റൊരു സത്യം കൂടി അവർ പറഞ്ഞു; “ഞങ്ങൾ മാത്രമല്ല, മറ്റു ബോഗികളിലായി ഇനിയുമുണ്ട് കുട്ടികൾ. ഞങ്ങളെ നോക്കാൻ വേറെ രണ്ടുപേരുണ്ട്.“
അതൊരു മനുഷ്യക്കടത്തിന്റെ സൂചനയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആ ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിച്ചു. കുട്ടികളുടെയും, കൂടെയുണ്ടെന്ന് സംശയിക്കുന്നവരുടെയും ഫോട്ടോകൾ രഹസ്യമായി പകർത്തി. എറണാകുളം റൂറല്‍ ജില്ലയിലെ എസ്.എസ്.ബി സബ് ഇൻസ്പെക്ടർ ഷാനിന് അപ്പപ്പോൾ വിവരങ്ങൾ കൈമാറി. വാട്‌സാപ്പിലൂടെ വിവരങ്ങൾ പാഞ്ഞു.
പാലക്കാട് സ്റ്റേഷനിൽ ട്രെയിൻ എത്തുമ്പോൾ, വലവിരിച്ച് കാത്തുനിൽക്കുകയായിരുന്നു പാലക്കാട് എസ്.എസ്.ബി ഉദ്യോഗസ്ഥർ. പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വ്യക്തമായ രേഖകളില്ലാതെ, എങ്ങോട്ടെന്നില്ലാത്ത യാത്രയ്ക്ക് കൊണ്ടുവന്ന 21 കുട്ടികൾ! മൊഴികളിൽ അവ്യക്തത, രേഖകളിൽ കൃത്രിമം. മൊത്തത്തിൽ നിഗൂഢത.
കുട്ടികളെ പിന്നീട് ചൈൽഡ് വെൽഫെയർ സെന്ററിലേക്ക് മാറ്റി സുരക്ഷിതരാക്കി. ഒരുപക്ഷേ ആ മൂന്ന് പോലീസുകാർ, “ഇത് നമ്മുടെ ഡ്യൂട്ടി സമയമല്ലല്ലോ” എന്ന് കരുതി ആ കാഴ്ച അവഗണിച്ചിരുന്നെങ്കിൽ ആ കുട്ടികൾക്ക് അവരുടെ ജീവിതം തന്നെ നഷ്ടമായേനെ.
ഇതാണ് കേരള പോലീസ്. അഭിമാനമാണ് ഈ ഉദ്യോഗസ്ഥർ!
©️✍️
