കോട്ടയം: ഒരുമിച്ചുള്ള രണ്ടുപേരുടെ ജീവിതം
കൊലപാതകത്തിലും ആത്മഹത്യയിലും അവസാനിച്ചതിന്റെ ഞെട്ടലിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ കൂവപ്പള്ളി ഗ്രാമം. ഇടുക്കി കല്ലാർ ഭാഗം തുരുത്തിയിൽ സ്വദേശിയായ ഷേർളി മാത്യുവും (45) കോട്ടയം ആലുമ്മൂട് കുരുട്ടുപറമ്പിൽ സ്വദേശിയായ ജോബ് സക്കറിയയും ആറുമാസംമുൻപാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. ഷേർളിയുടെ പേരിലാണ് വീടുള്ളത്. വീട്ടിൽ നടന്നത് ക്രൂരമായ കൊലപാതകവും തുടർന്നുള്ള ആത്മഹത്യയുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആറുമാസംമുൻപ് താമസം തുടങ്ങിയെങ്കിലും നാട്ടുകാരുമായോ അയൽവാസികളുമായോ ഇവർ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. ആരോടും അധികം സംസാരിക്കാറുണ്ടായിരുന്നില്ല. ഇരുവരും ഒരു കാറിൽ പോവുന്നു, തിരിച്ചുവരുന്നു എന്നതിലപ്പുറം വേറെ കാര്യമായ വിവരങ്ങളൊന്നും അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഭർത്താവ് മരിച്ചെന്നും വിവാഹബന്ധം വേർപ്പെടുത്തിയെന്നും തുടങ്ങി പല കഥകളാണ് ഇവർ പലരോടുമായി പങ്കുവെച്ചത്.
ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് പോലീസിന് ലഭിച്ച സൂചന. ജോബിനെതിരേ ഷേർളി മുൻപ് പോലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. ഈ തർക്കങ്ങളാണോ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നതടക്കമുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഇരുവരുടേയും ബന്ധുക്കളിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി സാജു വർഗീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വീട്ടിനുള്ളിൽ ഷേർളിയെ കൊലപ്പെടുത്തിയ നിലയിലും ജോബ് സക്കറിയയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്‌ച രാത്രി ഒൻപതോടെയാണ് സംഭവം. വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും യുവാവിനെ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട് പോലീസ് സീൽ ചെയ്‌തു. സയൻന്റഫിക് വിദഗ്‌ധരെത്തിയശേഷം വീടുതുറന്ന് പരിശോധന നടത്തും.
