ശബരിമല സ്വർണ്ണക്കൊള്ള, സ്വര്‍ണപാളി ഏറ്റുവാങ്ങിയത് നാഗേഷ് അല്ല നരേഷ്; ദേവസ്വം വിജിലന്‍സിന് തെറ്റായ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ സ്വര്‍ണപാളി ഏറ്റുവാങ്ങിയത് നാഗേഷല്ല. ഹൈദരാബാദില്‍ പാളി വാങ്ങിയത് നരേഷ്. നാഗേഷ് എന്ന് പോറ്റി ദേവസ്വം വിജിലന്‍സിന് തെറ്റായ മൊഴി നല്‍കി. എസ്.ഐ.ടിയുടെ അന്വേഷണത്തിലാണ് പേരിലെ മാറ്റം കണ്ടെത്തിയത്. 2019ലാണ് പാളികള്‍ ഹൈദരാബാദില്‍ നരേഷിനാണ് കൈമാറിയത്. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം 2019-ൽ തങ്കപ്പാളികൾ ഏറ്റെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യമാണ്.

അയാൾ ഈ പാളികൾ ആദ്യം ബെംഗളൂരുവിൽ കൊണ്ടുപോവുകയും, അവിടെ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹൈദരാബാദിൽ വെച്ച് നരേഷ് എന്ന് പേരുള്ള ഒരാളുടെ പക്കലാണ് ഈ സ്വർണപ്പാളികൾ കൈമാറിയത്. നരേഷ് 39 ദിവസം ഹൈദരാബാദിൽ സ്വർണപ്പാളികൾ കൈവശം വെച്ചിരുന്നു. അതിനുശേഷമാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികളുമായി എത്തിയത്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂട്ടാളി കല്‍പേഷിനെ കണ്ടെത്തി ട്വന്റിഫോര്‍. ചെന്നൈയിലെ ഒരു ജ്വല്ലറിയിലാണ് രാജസ്ഥാന്‍ സ്വദേശിയായ കല്‍പേഷ് ജോലി ചെയ്യുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറിയിലേക്ക് എത്തിച്ചത് താനാണെന്ന് കല്‍പേഷ് ട്വന്റിഫോറിനോട് സമ്മതിച്ചു. താന്‍ കൊണ്ടുപോകുന്നത് സ്വര്‍ണമാണെന്ന് അറിയാമായിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട ഒരു വിവാദങ്ങളും തനിക്ക് അറിയുമായിരുന്നില്ലെന്നും കല്‍പേഷ് കൂട്ടിച്ചേര്‍ത്തു.

പെരിയനായ്കരന്‍ സ്ട്രീറ്റിലെ കെകെജെ ജ്വല്ലേഴ്‌സിലാണ് 12 വര്‍ഷമായി ഇയാള്‍ ജോലി ചെയ്ത് വരുന്നത്. ഒരൊറ്റ തവണ മാത്രമാണ് താന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പോയതെന്നാണ് കല്‍പേഷ് പറയുന്നത്. താന്‍ ജോലി ചെയ്യുന്ന ജ്വല്ലറിയും സ്വര്‍ണം കൊണ്ടുപോയ റോദ്ദം ജ്വല്ലറിയും തമ്മില്‍ പല ഇടപാടുകളും നടക്കാറുണ്ട്. അതിന്റെ ക്യാരിയര്‍ ആയി എന്നതിനപ്പുറം തനിക്കൊന്നുമറിയില്ല. പാഴ്‌സല്‍ കൈമാറിയതിന് താന്‍ ജോലി ചെയ്യുന്ന ജ്വല്ലറിക്ക് 35000 രൂപയോളം പ്രതിഫലം ലഭിച്ചിരുന്നുവെന്നും കല്‍പേഷ് പറയുന്നു.

കല്‍പേഷ് ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിട്ടില്ല. കല്‍പേഷിനെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്കറിയില്ലെന്നും കല്‍പേഷ് പറഞ്ഞു. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറിയുടെ ഉടമ ഗോവര്‍ധന്‍ തനിക്ക് പോറ്റിയെ അറിയാമെന്ന് സമ്മതിച്ചിരുന്നു. ബാംഗ്ലൂരിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നിന്നും,ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ധന്റെ പക്കല്‍ നിന്നും 576 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ബാക്കിയുള്ള സ്വര്‍ണ്ണം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുകയാണ്.