ചോദിച്ചത് 500 ഏക്കര്‍; കെഐഎഡിബി നല്‍കിയത് 175 ഏക്കര്‍; രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിട്ടത് ആയിരം കോടി?

ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ബിപിഎല്‍ ഗ്രൂപ്പിന് കെഐഎഡിബി അയച്ച കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു

തിരുവനന്തപുരം: കര്‍ണാടക ഭൂമി കുംഭകോണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭൂമി ഇടപാടിലൂടെ രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ലാഭമെന്നാണ് വിവരം. വ്യവസായ സംരംഭം തുടങ്ങുന്നതിനായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ബിപിഎല്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടത് അഞ്ഞൂറ് ഏക്കര്‍ ഭൂമിയായിരുന്നു. എന്നാല്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ് (കെഐഎഡിബി) നല്‍കിയതാകട്ടെ 175 ഏക്കര്‍ ഭൂമിയും. അഞ്ഞൂറ് ഏക്കര്‍ ഭൂമി തരപ്പെടുത്തി മറിച്ചുവിറ്റ് ആയിരം കോടിയോളം രൂപ ലാഭം കൊയ്യാനായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ബിപിഎല്‍ ഗ്രൂപ്പിന് കെഐഎഡിബി അയച്ച കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ഇതില്‍ 175 ഏക്കര്‍ ഭൂമി 6,45,05,133 കോടി രൂപയ്ക്കാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. 1995, ഏപ്രില്‍ ഏഴാം തീയതിയാണ് ഈ കത്ത് കെഐഎഡിബി ബിപിഎല്‍ ഗ്രൂപ്പിന് അയച്ചത്.

കര്‍ണാടക ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നുണപ്രചാരണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വാദം. എന്നാല്‍ അങ്ങനെയല്ല എന്നാണ് പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. മാരുതി സുസൂക്കിക്ക് അടക്കം ഭൂമി കൈമാറിയതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി വന്‍ തുകയ്ക്ക് മാരുതി സുസൂക്കിക്ക് ബിപിഎല്‍ കമ്പനി ഭൂമി കൈമാറിയതായി രേഖകളില്‍ പറയുന്നത്. അതില്‍ ഒന്ന് 2009-2010 കാലഘട്ടത്തിലാണ്. അന്ന് 33 ഏക്കറില്‍ അധികം സ്ഥലം 31 കോടി രൂപയ്ക്കാണ് ബിപിഎല്‍ മാരുതി സുസൂക്കിക്ക് കൈമാറിയത്. തൊട്ടടുത്ത വര്‍ഷം 87.3275 ഏക്കര്‍ സ്ഥലം 275 കോടി രൂപയ്ക്ക് മാരുതി സുസൂക്കിക്ക് നല്‍കിയതായും രേഖകളില്‍ പറയുന്നു. കൃത്യമായ തീയതിയും രേഖയില്‍ പറയുന്നുണ്ട്. 2011 ഫെബ്രുവരി 25 ന് ഭൂമി വില്‍പന നടന്നതായാണ് രേഖയില്‍ വ്യക്തമാക്കുന്നത്.

1995 ലാണ് കര്‍ണാടക ഭൂമി കുംഭകോണത്തിന്റെ തുടക്കം. വ്യാവസായിക സംരംഭം തുടങ്ങാനെന്ന പേരില്‍ ഭൂമി ആവശ്യപ്പെട്ടുകൊണ്ട് രാജീവ് ചന്ദ്രശേഖറിന്റെ ബിപിഎല്‍ കമ്പനി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡിനെ സമീപിക്കുന്നു. കളര്‍ ടെലവിഷന്‍, ട്യൂബ്, ബാറ്ററി എന്നിവയുടെ നിര്‍മാണമാണ് ലക്ഷ്യമെന്നും ബിപിഎല്‍ വ്യക്തമാക്കിയിരുന്നു. നിരവധി പേര്‍ക്ക് ജോലി കിട്ടുന്നതാണ് സംരംഭമെന്നും ബിപിഎല്‍ അവകാശപ്പെട്ടു. ബിപിഎല്ലിന്റെ വാഗ്ദാനം വിശ്വസിച്ച കെഐഎഡിബി ഭൂമി കൈമാറ്റത്തിന് തയ്യാറായി

ഇതിന്റെ അടിസ്ഥാനത്തില്‍ നേമ മംഗളയില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്ന് കെഐഎഡിബി ഭൂമി ഏറ്റെടുത്തു. ഒരു ഏക്കറിന് 1.1 ലക്ഷം വെച്ച് 175 ഏക്കറാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇത് 6.45 കോടിക്ക് ബിപിഎല്ലിന് പാട്ടത്തിന് നല്‍കുകയാണ് ചെയ്തത്. വൈകാതെ തന്നെ ഭൂമിയുടെ ലാന്‍ഡ് റൈറ്റ് ബിപിഎല്ലിന് ലഭിക്കുന്നു. പതിനഞ്ച് വര്‍ഷത്തോളം ഈ ഭൂമിയില്‍ ഒരു പ്രവര്‍ത്തിയും നടന്നില്ല. 2010-2011 കാലഘട്ടത്തിലാണ് ഭൂമി കൈമാറ്റം നടക്കുന്നത്. മാരുതി സുസൂക്കിക്ക് പുറമേ, ജിന്‍ഡാല്‍, ബിഒസി ലിമിറ്റഡ്, എന്നിവര്‍ക്കും ഭൂമി വിറ്റിട്ടുണ്ട്. റിപ്പോര്‍ട്ടറിന് ലഭിച്ച രേഖ പ്രകാരം 313.9 കോടി രൂപയ്ക്ക് ഭൂമി വില്‍പന നടത്തിയതെന്നാണ് വിവരം. എന്നാല്‍ പരാതി ഉന്നയിച്ച ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ കെ എന്‍ ജഗദേഷ് കുമാറിന്റെ കൈവശമുള്ള രേഖ പ്രകാരം അഞ്ഞൂറ് കോടിയുടെ കുംഭകോണം ബിപിഎല്‍ കമ്പനി നടത്തിയതായാണ് വിവരം.

കുംഭകോണത്തില്‍ പങ്കില്ലെന്നുള്ള രാജീവ് ചന്ദ്രശേഖറിന്റെ വാദം തെറ്റാണെന്ന് പരാതിക്കാരനായ ജഗദേഷ് കുമാര്‍ പറഞ്ഞു. കര്‍ഷകരോട് ചോദിച്ചാല്‍ കാര്യങ്ങളില്‍ വ്യക്തത വരും. കര്‍ണാട ഭൂമി കുംഭകോണത്തില്‍ ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ കുംഭകോണം നടത്തിയതെന്നും ജഗദേഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

കുംഭകോണ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണം ആയിരുന്നിട്ടും പതിവുപോലെ പിന്നില്‍ സിപിഐഎമ്മും കോണ്‍ഗ്രസുമാണെന്നുള്ള ഉഴപ്പന്‍ ന്യായം പറയുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചെയ്യുന്നത്. സിപിഐഎമ്മും കോണ്‍ഗ്രസും വ്യാജപ്രാരണം നടത്തുകയാണെന്നും കെട്ടിച്ചമച്ച നുണകളുടെ പഴയ അടവ് ആണിതെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്. പിണറായി വിജന്‍ സര്‍ക്കാരിന്റെയും രാഹുലിന്റെ കോണ്‍ഗ്രസിന്റെയും അഴിമതികള്‍ക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണം കൊള്ളേണ്ടിടത്ത് കൊണ്ടതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിലെ അഴിമതി നിറഞ്ഞ രാഷ്ട്രീയ സംസ്‌കാരവും, ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ‘മതേതരത്വവും’ ശുദ്ധീകരിക്കാനാണ് കേരളത്തിലേക്ക് വന്നത്. മന്ത്രി വി എന്‍ വാസവന്റെ ഇടനിലക്കാരില്‍ നിന്ന് ദേവസ്വം ബോര്‍ഡുകളെയും ശുദ്ധീകരിക്കേണ്ടതുണ്ടെന്നും ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തിരിച്ചറിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത കേരളം എന്നതാണ് പ്രധാന ലക്ഷ്യം. അതില്‍ ചില ശുദ്ധീകരണങ്ങള്‍ ആവശ്യമായുണ്ട്. ആ ശുദ്ധീകരണം പൂര്‍ത്തിയാക്കും. കേരളത്തില്‍ വികസനവും സമൃദ്ധിയും കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.