ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. തുടർന്ന് ബസിന്റെ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർ.ടി.ഒ. സസ്‌പെൻഡ് ചെയ്‌തു.
കാലടി: അമിതവേഗതയിൽ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമുണ്ടാക്കുന്ന രീതിയിൽ ബസോടിച്ച ഡ്രൈവർക്ക് പണി കിട്ടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട് മന്ത്രി. കലടിയിൽ മത്സര ഓട്ടം നടത്തിയ സീസൺ എന്ന ബസിനെതിരെയാണ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശം അനുസരിച്ച് ഗതാഗത വകുപ്പ് കർശന നടപടി സ്വീകരിച്ചത്. അപകടകരമായ രീതിയിൽ റോഡിൽ ഓട്ടം നടത്തിയ KL-33-2174 നമ്പർ ബസാണ് പിടിയിലായത്.
സോഷ്യൽ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. തുടർന്ന് ബസിന്റെ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർ.ടി.ഒ. സസ്‌പെൻഡ് ചെയ്‌തു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനായുള്ള നടപടികൾ ആരംഭിക്കുകയും മൂവാറ്റുപുഴ ആർ.ടി.ഒ. യ്ക്ക് ശുപാർശ അയയ്ക്കുകയും ചെയ്തു. റോഡിൽ വേഗപരിധി ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയിൽ ബസുകൾ തമ്മിൽ മത്സരിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വകുപ്പ് തുടർച്ചയായി ശക്തമായ നടപടികളെടുക്കുമെന്ന് എറണാകുളം ആർ.ടി.ഒ കെ.ആർ. സുരേഷ് അറിയിച്ചു. റോഡിൽ നിയമലംഘനങ്ങൾക്ക് ഒരിക്കലും ഇളവുണ്ടാകില്ല. പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഓട്ടങ്ങൾ വകുപ്പിന്‍റെ നിരീക്ഷണത്തിൽ നിന്നും രക്ഷപ്പെടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും എറണാകുളം ആർ.ടി.ഒ കെ.ആർ. സുരേഷ് മുന്നറിയിപ്പ് നൽകി.
