കാട്ടാനകളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഡിഎഫ്ഒ മുന്നറയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സഞ്ചാരികള്‍ ആനയെ പ്രകോപിപ്പിച്ചത്
തൃശൂർ: കാട്ടാനകളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന വനംവകുപ്പിന്റെ മുന്നറിയിപ്പിന് പുല്ലുവില കല്പിച്ച് സഞ്ചാരികള്‍. ആനക്കയത്താണ് കഴിഞ്ഞ ദിവസം കാട്ടാനയെ സഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. മൊബൈലെടുത്തും ഒച്ചവച്ചും പലവട്ടം പ്രകോപിപ്പിച്ച ആന സഞ്ചാരികള്‍ക്ക് നേരെ തിരിയുകയും ചെയ്തിരുന്നു. തലനാരിഴക്കാണ് ഇവര്‍ ആനയാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. കാട്ടാനകളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഡിഎഫ്ഒ മുന്നറയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സഞ്ചാരികള്‍ ആനയെ പ്രകോപിപ്പിച്ചത്.
തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ആനകളെ പ്രകോപിപ്പിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടുകൊമ്പന് കബാലിയേയും തമിഴ്നാട്ടില്‍ നിന്നെത്തിയ വിനോദസഘം പ്രകോപിപ്പിച്ചിരുന്നു. ഇതിന് തൊട്ട് അടുത്ത ദിവസം മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസ്സിന് നേരെ കബാലി പരാക്രമം കാണിച്ചിരുന്നു. കബാലിയുടെ ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് രക്ഷപ്പെട്ടിരുന്നു
