ദില്ലി: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ചത് പിണറായിയുടെ ഡീലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് പ്രദേശിക നേതാക്കളുടെ നിലപാടാണെന്നും ഇതുസംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. സിപിഐയെ അപ്രസക്തമാക്കാനുള്ള സിപിഎം- ബിജെപി ഡീലാണിത്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റിൽ സംഭവിച്ചത് ഉദാഹരണമാണ്. മുന്നണിയിൽ തുടരണോയെന്ന് തീരുമാനിക്കേണ്ടത് സിപിഐ ആണ്. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് പ്രദേശിക നേതാക്കളുടെ നിലപാടാണെന്നും ഇക്കാര്യത്തിൽ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫിന്റെ ശൈലി ഇതല്ലെന്ന് ബിനോയ് വിശ്വം
പി എം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ. എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് എല്‍ഡിഎഫിന്‍റെ ശൈലിയല്ലെന്നും മുന്നണി മര്യാദയുടെ ലംഘനമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. ഇത് എല്‍ഡിഎഫിൽ നിന്ന് പ്രതീക്ഷിക്കാത്തതാണ്. സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്‍റെ വഴിയല്ല, തിരുത്തപ്പെടണമെന്നും വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
