പി എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരം; വിമര്‍ശനവുമായി എഐഎസ്എഫ്

സിപിഐയുടെ എതിര്‍പ്പ് മറികടന്ന് പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്. സര്‍ക്കാര്‍ നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. ( AISF against state government’s decision to sign PM shri)

സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതി ശക്തമായ സമരങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നാണ് എഐഎസ്എഫിന്റെ വിമര്‍ശനം. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഉയരുമെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം, സെക്രട്ടറി എ അധിന്‍ എന്നിവര്‍ അറിയിച്ചു.

അതേസമയം പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചു. വിഷയം സിപിഐ ചര്‍ച്ച ചെയ്യുമെന്നും നാളെ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് ഓണ്‍ലൈനായി ആണ് യോഗം നടക്കുന്നത്. സിപിഐയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.