കാണാതായ നാറ്റ്സുസെ എവിടെയോ ജീവിച്ചിരുപ്പുണ്ടെന്ന വിശ്വാസത്തില്‍ അവര്‍ എല്ലാ പിറന്നാളിനും വീട്ടില്‍ കേക്ക് മുറിക്കുമായിരുന്നു
14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജപ്പാനിലെ തോഹോകുവില്‍ ഭൂകമ്പവും സുനാമിയും ഉണ്ടാവുന്നത്. അന്ന് കാണാതായവരുടെ കൂട്ടത്തില്‍ കുഞ്ഞ് നാറ്റ്സുസെ യമാനയുമുണ്ടായിരുന്നു. സുനാമിയുണ്ടായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തവണ പോലും ആ ആറ് വയസുകാരിയുടെ പിറന്നാള്‍ അവളുടെ കുടുംബം ആഘോഷിക്കാതെയിരുന്നിട്ടില്ല. കാണാതായ നാറ്റ്സുസെ എവിടെയോ ജീവിച്ചിരുപ്പുണ്ടെന്ന വിശ്വാസത്തില്‍ അവര്‍ എല്ലാ പിറന്നാളിനും വീട്ടില്‍ കേക്ക് മുറിക്കുമായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ആ വീട്ടിലേക്ക് ഒരു കോള്‍ വന്നു. യമദിയില് നിന്ന് ഏകദേശം100 കിലോമീറ്റര്‍ മാറിയുള്ള മിനാമി സാന്റികുവില്‍ നിന്നായിരുന്നു ആ കോള്‍. ‘തീരദേശം വൃത്തിയാക്കുന്നതിനിടയില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് താടിയെല്ല് ലഭിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനകള്‍ നടത്താന്‍ വരണം’ എന്നാവശ്യപ്പെട്ടായിരുന്നു ആ കോള്‍. പരിശോധനയില്‍ ആ കുഞ്ഞ് താടിയെല്ല് നാറ്റ്സുസെയുടെ തന്നെയെന്ന് കണ്ടെത്തി. അവശിഷ്ടങ്ങള്‍ അവര്‍ കുടുംബത്തിന് കൈമാറി. 14 വര്‍ഷങ്ങള്‍ക്ക് ശേഷം അവള് വീട്ടിലേക്ക് വരുന്നു. ആ കുടുംബത്തില്‍ ഒരേ സമയം ആശ്വാസവും വേദനയും തിരയടിച്ചു.
ആ കൂട്ടത്തില്‍ കടുത്ത വേദനയും പേറി ജീവിക്കുന്ന നാറ്റ്സുസെയുടെ മുത്തശ്ശിയും ഉണ്ടായിരുന്നു. കുഞ്ഞിന്റെ മരണത്തിന് താനും ഉത്തരവാദിയാണോ എന്ന സംശയവും കുറ്റബോധവുമായിരുന്നു അവരെ അലട്ടിയിരുന്നത്.
സുനാമിക്ക് തൊട്ടു മുന്‍പായാണ് നാറ്റ്സുസെ മുത്തശിക്കൊപ്പം നിന്ന വീട്ടില്‍ നിന്ന് തൊട്ടടുത്തുള്ള അഭയ കേന്ദ്രത്തിലേക്ക് പോയത്. പിന്നാലെ വലിയ ഭൂകമ്പവും രാക്ഷസ തിരമാലകളും ഉയര്‍ന്നു. തോഹോകുവിലെ പല റോഡുകളും സുനാമി വിഴുങ്ങി. പലയിടങ്ങളും ഒറ്റപ്പെട്ടു പോയി. തന്റെ കൊച്ചുമകളെ ആ സമയത്ത് തനിച്ച് വിട്ടതിന്റെ കുറ്റബോധമായിരുന്നു ആ മുത്തശിയെ ഈ 14 വര്‍ഷവും വേട്ടയാടിയിരുന്നത്.
ഓട്ടിസം ബാധിതയായിരുന്ന നാറ്റ്സുസെ ചുരുക്കം ചില തവണകള്‍ മാത്രമാണ് അമ്മേ.. എന്ന് വിളിച്ചിട്ടുള്ളതെന്നും അവളുടെ ഭൗതികാവശിഷ്ടങ്ങള്‍ വീട്ടിലേക്ക് കൊണ്ടു വരുമ്പോള്‍ ആ വിളി തനിക്ക് കേള്‍ക്കാമായിരുന്നുവെന്നും അമ്മ ചിയുമി പറഞ്ഞു. ഞങ്ങളുടെ കുടുബത്തിലെ എല്ലാവരും വീണ്ടും ഒരുമിച്ച് ജീവിക്കുന്നത് പോലെ തോന്നുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് ഭൂകമ്പം സൃഷ്ടിച്ച വന്‍ സുനാമിയില്‍ 18,000-ത്തിലധികം പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. 2500 ലധികം ആളുകളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. പ്രിയപ്പെട്ടവര്‍ മരണപ്പെട്ടോ അതോ മറ്റേതെങ്കിലും സ്ഥലത്ത് ജീവനോടെയുണ്ടോ എന്നറിയാതെ ഉറക്കം നഷ്ടപ്പെട്ട ജീവിക്കുന്ന നിരവധി പേരാണ് ആ നഗരത്തില്‍ ഇപ്പോഴുമുള്ളത്.
