‘നിങ്ങൾ സ്വപ്നം കണ്ടോളൂ’; ആണവ ശേഖരം നശിപ്പിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഖമനേയി, ചർച്ചക്കുള്ള ഓഫറും നിരസിച്ചു

ടെഹ്റാൻ: ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തള്ളി. ചർച്ചക്കുള്ള ട്രംപിന്റെ ഓഫറും അദ്ദേഹം നിരസിച്ചു. ട്രംപ് പറയുന്നത് താൻ ഒരു ഇടനിലക്കാരനാണെന്നാണ്. എന്നാൽ ഒരു കരാർ നിർബന്ധപൂർവ്വം നടപ്പിലാക്കുകയും അതിന്റെ ഫലം മുൻകൂട്ടി നിശ്ചയിച്ചിരിക്കുകയും ചെയ്താൽ അത് ഒരു കരാറല്ല, മറിച്ച് അടിച്ചേൽപ്പിക്കലും ഭീഷണിപ്പെടുത്തലുമാണെന്ന് ഖമനേയി പറഞ്ഞു. ഇറാന്റെ ആണവ ശേഖരം ബോംബിട്ട് നശിപ്പിച്ചു എന്നാണ് അമേരിക്കൻ പ്രസിഡന്റ് അഭിമാനത്തോടെ പറയുന്നത്. എന്നാൽ, നിങ്ങൾ സ്വപ്നം കാണുന്നത് തുടരൂവെന്നും ഖമനേയി പറഞ്ഞു. ഇറാന്‍ ആണവ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്കയ്ക്ക് അതുമായി എന്ത് ബന്ധമാണ് ഉള്ളത്യ ഈ ഇടപെടലുകള്‍ അനുചിതവും തെറ്റും നിര്‍ബന്ധിതവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂണിൽ ഇസ്രായേലും യുഎസും ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്ന് അവകാശപ്പെട്ടിരുന്നു. 12 ദിവസത്തെ വ്യോമാക്രമണത്തിന് ശേഷം ഇറാനും അമേരിക്കയും ധാരണയിലെത്തി. ഗാസയിൽ ഇസ്രായേലും പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ, ഇറാനുമായി സമാധാന കരാർ ഉണ്ടാക്കാൻ കഴിഞ്ഞാൽ നന്നാകുമെന്ന് ട്രംപ് ഇസ്രായേൽ പാർലമെന്റിൽ സംസാരിക്കവെ പറഞ്ഞു.

യുറേനിയം സമ്പുഷ്ടീകരണത്തിലൂടെ ഇറാൻ രഹസ്യമായി ഒരു ആണവ ബോംബ് വികസിപ്പിക്കാൻ ശ്രമിക്കുന്നതായി പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നു. അതേസമയം, ആരോപണം ഇറാൻ ആവർത്തിച്ച് നിഷേധിച്ചു.