36000 അടി ഉയരത്തിൽ പറക്കവേ ബോയിങ് വിമാനത്തിന്റെ വിൻഡ് ഷീൽഡ് പൊട്ടിത്തകർന്ന് പൈലറ്റിന് പരിക്ക്, ഇടിച്ചത് ഉൽക്കയോ ബഹിരാകാശ അവശിഷ്ടമോ?

36000 അടി ഉയരത്തിൽ പറക്കവേ ബോയിങ് വിമാനത്തിന്റെ വിൻഡ് ഷീൽഡ് പൊട്ടിത്തകർന്ന് പൈലറ്റിന് പരിക്ക്. ഡെൻ‌വറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രാമധ്യേ യുണൈറ്റഡ് ഫ്ലൈറ്റ് 1093ന് നേരെ അജ്ഞാത വസ്തു ഇടിച്ചത്.
വാഷിങ്ടൺ: വ്യാഴാഴ്ച 36,000 അടി ഉയരത്തിൽ ഒരു നിഗൂഢ വസ്തു ബോയിംഗ് 737 വിമാനത്തിന്റെ മുൻഭാഗത്ത് ഇടിച്ച് വിൻഡ് ഷീൽഡ് തകർന്നു. സംഭവത്തിൽ പൈലറ്റിന് പരിക്കേറ്റു. യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിനാണ് അപകടം സംഭവിച്ചത്. വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഡെൻ‌വറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രാമധ്യേ യുണൈറ്റഡ് ഫ്ലൈറ്റ് 1093ന് നേരെ അജ്ഞാത വസ്തു ഇടിച്ചത്. ഇടിയിൽ ഗ്ലാസ് തകർന്നു. പൊട്ടിയ ഗ്ലാസ് കഷ്ണങ്ങൾ പതിച്ച് പൈലറ്റിന്റെ കൈകളിൽ നിന്ന് രക്തം ഒഴുകി. കോക്ക്പിറ്റ് ഡാഷ്‌ബോർഡിൽ തകർന്ന ഗ്ലാസ് പതിച്ചു.

വിമാനം സാൾട്ട് ലേക്ക് സിറ്റിയിലേക്ക് സുരക്ഷിതമായി വഴിതിരിച്ചുവിടുകയും 26,000 അടി താഴ്ന്ന ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തവെന്ന് യുണൈറ്റഡ് എയർലൈൻസ് പറഞ്ഞു. യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജമാക്കി. വിമാനം തിരികെ സർവീസിലേക്ക് കൊണ്ടുവരാൻ അറ്റകുറ്റപ്പണി നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ബഹിരാകാശ അവശിഷ്ടങ്ങളോ ഒരു ഉൽക്കയോ മൂലമാകാം വിൻഡ്‌ഷീൽഡ് ഇടിച്ചതെന്ന് ചില നിരീക്ഷകർ അനുമാനിക്കുന്നു. എന്നാൽ, ബഹിരാകാശ അവശിഷ്ടങ്ങളിൽ നിന്നുള്ള ഗുരുതരമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ഒരു ട്രില്യണിൽ ഒരു ശതമാനം വരെയാണ് ഇതിന് സാധ്യതയെന്നും പറഞ്ഞു.

വൈദ്യുത തകരാറുകളോ അല്ലെങ്കിൽ വിൻഡ്‌ഷീൽഡിൽ നേരത്തെ വിള്ളലുകളോ ഉണ്ടാക്കാം. എന്നാൽ തകർന്ന ഗ്ലാസും പൊള്ളലേറ്റ പാടുകളും പരിഗണിക്കുമ്പോൾ ഒരു വസ്തു വിമാനത്തിൽ ഇടിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. പക്ഷികൾ, ആലിപ്പഴം, മറ്റ് വസ്തുക്കൾ എന്നിവ സാധാരണയായി താഴ്ന്ന ഉയരങ്ങളിൽ മാത്രമേ അപകടസാധ്യത സൃഷ്ടിക്കുന്നുള്ളൂ. സംഭവം അസാധാരണമാണെന്നും വിദഗ്ധർ പറയുന്നു. നിലവിൽ ഭൂമിയെ ചുറ്റുന്ന നാല് ഇഞ്ചിൽ കൂടുതൽ വലിപ്പമുള്ള 25,000-ത്തിലധികം കഷണങ്ങൾ നാസ നിരീക്ഷിക്കുന്നു.