പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല. എംപിയെ കണ്ടാൽ പൊലീസുകാർക്ക് തിരിച്ചറിയില്ലേ. ഷാഫിയെ നിരന്തരമായി വേട്ടയാടുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും. സംഘർഷത്തിൽ ഒരു വിഭാഗത്തിന് മാത്രം പരിക്കേറ്റത് എങ്ങനെയെന്ന് ചെന്നിത്തല ചോദിച്ചു. പൊലീസുകാർക്കെതിരെ നടപടി വേണം. എംപിയെ കണ്ടാൽ പൊലീസുകാർക്ക് തിരിച്ചറിയില്ലേ. ഷാഫിയെ നിരന്തരമായി വേട്ടയാടുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഷാഫിക്കെതിരായ കേസ് ശബരിമല കൊള്ളയിൽ നിന്നും രക്ഷപ്പെടാനുള്ള സർക്കാർ ശ്രമമാണെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. ശബരിമലയിലെ സ്വത്ത് കവർന്നെടുത്ത ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വരുന്നതെന്നും കെസി പറഞ്ഞു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഷാഫിയെ കാണാൻ പോവുമ്പോഴായിരുന്നു കെസിയുടെ പ്രതികരണം.
പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ്- ലീഗ് ഗുണ്ടാ സംഘം അക്രമം നടത്തുന്നുവെന്ന് ഡിവൈഎഫ്ഐ നേതാവ് വികെ സനോജ് പറഞ്ഞു. പേരാമ്പ്രയിൽ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. അതിൽ എൽഡിഎഫ് പ്രതിഷേധിച്ചു. അത് തടസ്സപ്പെടുത്താൻ ഷാഫിയും സംഘവും ഷോയുമായി ഇറങ്ങി. ഷാഫിയുടെ കെണിയിൽ വീഴാതിരിക്കാൻ എൽഡിഎഫ് പ്രവർത്തകർ പിരിഞ്ഞുപോയി. ഷാഫിയുടെ കാഞ്ഞ ബുദ്ധി തിരിച്ചറിഞ്ഞു. എല്ലാം ഷാഫി ഷോ ആണ്. യുഡിഎഫ് അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഷോയാണ്. വയനാടിനായി പിരിച്ച കോടികൾ ഗർഭഛിദ്രം നടത്താനും കേസുകൾ ഒതുക്കാനും ഉപയോഗിച്ചു. ഷാഫിയും രാഹുലും ക്രൈം സിൻഡിക്കേറ്റ് ആണ്. ഇവർ കോൺഗ്രസ്സിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ഇനിയും ഷോയുമായി വന്നാൽ ഡിവൈഎഫ്ഐ ശക്തമായി പ്രതികരിക്കും. അത് സംഘർഷത്തിലേക്ക് പോയാൽ ഉത്തരവാദിത്തം ഷാഫിക്കും സംഘത്തിനും ആയിരിക്കും. ഷാഫിയുടെ ഷോ കഞ്ഞിക്കുഴിയിൽ സതീശന്മാർ തോറ്റു പോകുന്ന ഷോയാണ്. ഷാഫി ഗുണ്ടാപ്പടയുടെ നേതാവാണെന്നും വികെ സനോജ് പറഞ്ഞു.
റൂറൽ എസ് പി പറഞ്ഞതിൽ തെറ്റില്ല. ലാത്തി വീശിയില്ല. വെറുതെ നിന്ന ഷാഫിക്ക് അല്ലലോ അടി കൊണ്ടത്. പ്രകോപനം ഉണ്ടായാൽ പൊലീസ് നോക്കി നിൽക്കുമോ. ചിലപ്പോൾ കൈ തട്ടിയിട്ടുണ്ടാകാം. ആദ്യമായിട്ടാണോ ഒരു ജനപ്രതിനിധിക്ക് അടി കിട്ടുന്നതെന്നും വികെ സനോജ് പറഞ്ഞു.
