പ്രമേഹം പലരിലും രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകാറുണ്ട്, രക്തസമ്മര്‍ദ്ദം കുറയ്ക്കാനുളള വഴികളെക്കുറിച്ച് പറയുകയാണ് ഹൃദ്‌രോഗവിദഗ്ധന്‍

നിങ്ങളൊരു പ്രമേഹരോഗിയാണെങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. എന്താണെല്ലേ? പ്രമേഹരോഗികളില്‍ പലരിലും രക്തസമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും മെറ്റബോളിക് സിന്‍ഡ്രോമിന്റെ പ്രധാന ഘടകങ്ങളാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഒരുമിച്ചുണ്ടാകുന്ന ആളുകളില്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഹൃദയം, വൃക്കകള്‍, തലച്ചോറ്,കണ്ണുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാനും ഇടയാക്കുന്നു. കാര്‍ഡിയോളജിസ്റ്റായ ഡോ.അമിത് ഭൂഷണ്‍ ശര്‍മ്മ ഹെല്‍ത്ത് ഷോര്‍ട്ട്‌സിനോട് പങ്കുവച്ച വിവരങ്ങളില്‍നിന്ന്.
ധമനികളിലൂടെയും ശരീരത്തിലൂടെയും രക്തം പമ്പ് ചെയ്യാന്‍ ഹൃദയം ഉപയോഗിക്കുന്ന ശക്തിയെയാണ് രക്തസമ്മര്‍ദ്ദം എന്ന് പറയുന്നത്. രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഹൃദയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. അമിത രക്തസമ്മര്‍ദ്ദമുളള ആളുകള്‍ക്ക് പലര്‍ക്കും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നില്ല. ഇത് ഗുരുതരമായ ഭീഷണിയാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള നുറുങ്ങുകള്‍
രക്തസമ്മര്‍ദ്ദം പതിവായി നിരീക്ഷിക്കുക
ദിവസവും രക്തസമ്മര്‍ദ്ദം പരിശോധിച്ച് അത് രേഖപ്പെടുത്തിവയ്ക്കുക. ഇത് അടുത്തതവണ ഡോക്ടറെ സന്ദർശിക്കുമ്പോൾ കാണിക്കാവുതാണ്. ചെറിയമാറ്റങ്ങള്‍ പോലും കണ്ടെത്താന്‍ ഇത് സഹായിക്കും.
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
ഉപ്പ് രക്തസമ്മര്‍ദ്ദത്തെ നേരിട്ട് ബാധിക്കുന്ന ഘടകമാണ്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ വെള്ളംകെട്ടിനിന്ന് നീരുണ്ടാകാന്‍ ഇടയാക്കുന്നു. അതുകൊണ്ട് ഹൃദയം കൂടുതല്‍ ജോലിചെയ്യേണ്ടിവരികയും രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കൂടുകയും ചെയ്യുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ടിന്നിലടച്ചവ, ഫാസ്റ്റ് ഫുഡ് ഇവയൊക്കെ ഒഴിവാക്കുക. ഒരു ദിവസം 1,500 മില്ലിഗ്രാമില്‍ കൂടുതല്‍ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുക
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി പ്രത്യേകം ഡയറ്റ് എടുക്കുന്നത് നന്നായിരിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങളടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുക. ഈ ഭക്ഷണക്രമം പിന്തുടരുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
ശരിയായ ശരീരഭാരം നിലനിര്‍ത്തുക
അമിതഭാരം ഹൃദയത്തിന്റെ ആയാസം വര്‍ധിപ്പിക്കുകയും, രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യും. ശരീരഭാരത്തിന്റെ 5-10 ശതമാനം കുറയുന്നത് പോലും രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മര്‍ദ്ദത്തിന്റെയും അളവ് കുറയ്ക്കും. ഭക്ഷണം നിയന്ത്രിക്കുക, ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക ഇവയൊക്കെ ശരീരഭാരത്തെ നിയന്ത്രിക്കും.
പതിവായി വ്യായാമം ചെയ്യുക
ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഹൃദയം ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആഴ്ചയില്‍ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ഹൃദയാഘാതവും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നു. ഉദാഹരണത്തിന് വേഗത്തിലുള്ള നടത്തം സൈക്ലിംഗ് ഇവയൊക്കെ ചെയ്യുന്നത് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
സംസ്‌കരിച്ചതും മധുരമുളളതുമായ ഭക്ഷണം കുറയ്ക്കുക
സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങളില്‍ സോഡിയം, അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. പഞ്ചസാരയുടെ ഉയര്‍ന്ന അളവ് രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും. ഉപ്പ് രക്തസമ്മര്‍ദ്ദ സാധ്യത വര്‍ധിപ്പിക്കും. പച്ചക്കറികള്‍, പഴങ്ങള്‍, പയറ് വര്‍ഗ്ഗങ്ങള്‍,വീട്ടില്‍ പാകം ചെയ്ത ഭക്ഷണം എന്നിങ്ങനെയുളളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
പുകവലി ഉപേക്ഷിക്കുക
പുകവലി രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും രക്തസമ്മര്‍ദ്ദം പെട്ടെന്ന് വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദ സാധ്യത കുറയ്ക്കുകയും ചെയ്യും.
മദ്യപാനം കുറയ്ക്കുക
അമിത മദ്യപാനം രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിപ്പിക്കുകയും ഹൃദയത്തെയും കരളിനെയും ബുദ്ധിമുട്ടിലാക്കുകയും ചെയ്യും. മദ്യപാനം കുറയ്ക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുകയും ഹൃദയത്തെ ആരോഗ്യകരമായി കാത്തുസൂക്ഷിക്കുകയും ചെയ്യും.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് വിട്ടുമാറാത്ത മനസിക സമ്മര്‍ദ്ദം.സമ്മര്‍ദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും സ്വാധീനിക്കുന്നു. യോഗ,ധ്യാനം, ശ്വസനവ്യായാമങ്ങള്‍ എന്നിവ പരിശീലിക്കുന്നതും ഇഷ്ടമുള്ള കാര്യം ചെയ്യുന്നതും ഉത്കണ്ഠയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ആവശ്യത്തിനുള്ള ഉറക്കം
ശരിയായ ഉറക്കക്കുറവ് രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിപ്പിക്കുന്ന സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് ഉയര്‍ത്തുന്നു. നല്ല ഉറക്കം ശരീരത്തില്‍ ഉന്മേഷം ഉണ്ടാക്കുകയും ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദയത്തെ സുഗമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കഫീന്റെ അളവ് കുറയ്ക്കുക,വെള്ളം നന്നായി കുടിക്കുക
ചില ആളുകളില്‍ കഫീന്‍ രക്തസമ്മര്‍ദ്ദത്തിന്റെ താല്‍ക്കാലിക വര്‍ധനവിന് കാരണമാകുന്നു. കാപ്പി, ചായ അല്ലെങ്കില്‍ എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഉപയോഗിച്ച ശേഷം രക്തസമ്മര്‍ദ്ദം എന്നിവ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കഴിക്കുന്ന പാനിയത്തിന്റെ അളവ് കുറയ്ക്കുകയോ ഹെര്‍ബല്‍ ടീ കുടിക്കുകയോ ചെയ്യാം.
മരുന്നുകള്‍ കൃത്യമായി കഴിക്കുക
ഡോക്ടര്‍ നല്‍കിയിട്ടുള്ള മരുന്നുകള്‍ സമയം തെറ്റാതെ കൃത്യമായി കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഒരുമിച്ച് നിയന്ത്രിക്കാന്‍ ഒരു ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം കൂടി ആവശ്യമാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
