ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായുള്ള ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ ഇന്നലെ കേരളത്തെയാകെ ഞെട്ടിച്ചു. ഒന്നര കിലോയിൽ നിന്ന് 394 ഗ്രാമായാണ് തൂക്കം കുറഞ്ഞത്. അതേസമയം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതകൾ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂട് കനത്തിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ കോടതിക്കുള്ളിൽ അഭിഭാഷകന്റെ അതിക്രമ ശ്രമവും ഇന്നത്തെ പ്രധാന വാർത്തയാണ്.

സ്വർണം പോയ വഴി?
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണമുണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോൾ 394 ഗ്രാം സ്വർണം മാത്രമാണെന്നാണ് നിർണായക കണ്ടെത്തൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ സംശയനിഴലിൽ നിർത്തുന്നതാണ് റിപ്പോർട്ട്. എല്ലാ വിവരങ്ങളും അന്വേഷിക്കട്ടെയെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം.
ബിഹാറിൽ തെരഞ്ഞെടുപ്പ് ചൂട്
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോടെട്ടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ ആറിനും പതിനൊന്നിനും നടക്കും.14നാണ് വോട്ടെണ്ണൽ. ഇന്നേക്ക് കൃത്യം 31-ാം നാൾ ബിഹാർ പോളിംഗ് ബൂത്തിലേക്ക്. 243 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 121 മണ്ഡലങ്ങളില്‍ ആദ്യ ഘട്ടം പോളിംഗ് നവംബര്‍ ആറിന് നടക്കും. രണ്ടാം ഘട്ടത്തില്‍ 122 മണ്ഡലങ്ങള്‍ നവംബര്‍ 11നും വിധിയെഴുതും. 14ന് വോട്ടെണ്ണി 16 ഓടെ നടപടികള്‍ പൂര്‍ത്തിയാക്കും. നവംബര്‍ 22 വരെയാണ് ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി. ആദ്യഘട്ടത്തില്‍ 17നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
