തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കോൺഗ്രസ് സമര സംഗമം പത്തനംതിട്ടയിൽ നടത്തും. ഈ മാസം ഒമ്പതിനാണ് സംഗമം. സ്വർണപ്പാളി വിവാദം പ്രധാന ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് നീക്കം. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ തട്ടിപ്പ് ആയിരുന്നുവെന്ന പ്രചാരണവും കോൺഗ്രസ് നടത്തും.
ഇന്നലെ പത്തനംതിട്ടയിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് കെപിസിസിയുടെ നേതത്വത്തിൽ സമരസംഗമം നടത്താൻ തീരുമാനിച്ചത്. പത്തനംതിട്ട ബസ്സ്റ്റാന്റിനുസമീപത്തായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി. സതീശനും ഉൾപ്പെടെയുള്ള നേതാക്കൾ സമരസംഗമത്തിൽ പങ്കെടുക്കും.
ഗുരുതരമായ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്നും സിപിഎം നേതൃത്വം കൂടി ഉത്തരം പറയേണ്ടി വരുമെന്ന നിലപാടിലാണ് കോൺഗ്രസ്. ആഗോള അയ്യപ്പസംഗമം ഒരു രാഷ്ട്രീയ തട്ടിപ്പാണെന്നാണ് കോൺഗ്രസിന്റെ വാദം. ഇപ്പോൾ നടത്തുന്ന ദേവസ്വം വിജിലൻസിന്റെ അന്വേഷണം അപര്യാപ്തമാണെന്നും കൂടുതൽ വിശാലമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

