‘ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫിഫക്കാവില്ല’; ഇസ്രായേലിനെ തള്ളാതെ ഇൻഫാന്റിനോ

സൂറിച്ച്: ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫിഫക്കാവില്ലെന്നും മാനുഷിക മൂല്യങ്ങളിൽ ശ്രദ്ധചെലുത്തി ലോകത്തൊട്ടാകെ ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ. ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ ദേശീയ ഫുട്‌ബോൾ ടീമിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. യുവേഫ അംഗരാജ്യങ്ങളിൽ ഭൂരിഭാഗം പേരും ഇസ്രായേലിനെതിരെ നിലപാടെടുത്തിരുന്നു. എന്നാൽ ടീമിനെ മാറ്റിനിർത്തുന്നതടക്കമുള്ള വിഷയത്തിൽ നടപടി നീളുകയാണ്.

സമാധാന സന്ദേശമുയർത്തിപ്പിടിച്ച് പ്രവർത്തിക്കാനാണ് ഫിഫ ശ്രമിക്കുന്നതെന്നും ഇസ്രായേലിന്റെ പേര് പറയാതെയുള്ള പ്രസ്താവനയിൽ ഇൻഫാന്റിനോ പറഞ്ഞു. ഫുട്‌ബോൾ എന്ന വികാരത്തിൽ വിഭജിച്ച് നിൽക്കുന്നവരെ ഐക്യപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്- സൂറിച്ചിൽ നടന്ന ഫിഫ കൗൺസിൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന കൂട്ടക്കുരുതിക്കെതിരെ ഫുട്‌ബോൾ മൈതാനങ്ങളിലടക്കം നിരവധി ഐക്യദാർഢ്യ സന്ദേശ ബാനറുകളാണ് ഉയർന്നുവരുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഇസ്രായേലിനെ വിലക്കണമെന്ന് യുവേഫ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തതാണ് റിപ്പോർട്ട്. ഒരുപടി കൂടികടന്ന് ഇസ്രായേൽ ലോകകപ്പ് യോഗ്യത നേടിയാൽ ടീമിനെ അയക്കണമോയെന്ന കാര്യത്തിൽ പുന:പരിശോധന നടത്തുമെന്നാണ് സ്പാനിഷ് ഭരണകൂടം നിലപാടെടുത്തത്. ദേശീയ ടീമിനെ മുഴുവൻ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നും വിലക്കണമെന്നതാണ് യുവേഫക്ക് മുന്നിലെത്തിയ പ്രധാന ആവശ്യങ്ങളിലൊന്ന്.

ഇതോടൊപ്പം യുവേഫ യൂറോപ്പ ലീഗിൽ കളിക്കുന്ന മകതാബി തെൽ അവീവിനെയും മാറ്റിനിർത്തണമെന്ന ആവശ്യവും കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ നിലപാടെടുത്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലേക്ക് പോകാൻ യുവേഫ ഇനിയും തയാറായിട്ടില്ല. നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിൽ ഭൂരിഭാഗം അംഗരാജ്യങ്ങളും ഇസ്രായേലിന് എതിരാണ്. 20 അംഗങ്ങൾ ഇസ്രായേലിനെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നാണ് വിവരം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി ഇനി ഒക്ടോബർ ആറിനാണ് ഇന്റർനാഷണൽ ബ്രേക്ക് വരുന്നത്. ഇതിന് മുൻപായി നടപടി വേണമെന്ന സമ്മർദ്ദമാണ് യുവേഫയ്ക്ക് മേലുള്ളത്. നോർവെ, ഇറ്റലി ടീമുകൾക്കെതിരെയാണ് ഇസ്രായേലിന് കളിക്കേണ്ടത്.