ന്യൂഡൽഹി: ആർഎസ്എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. ചരിത്രം എത്ര വളച്ചൊടിക്കാൻ ബിജെപി ശ്രമിച്ചാലും രാജ്യം എപ്പോഴും മഹാത്മാ ഗാന്ധിയുടേതായിരിക്കുമെന്നും ആ യാഥാർത്ഥ്യത്തെ മാറ്റാനാവില്ലെന്നും പവൻ ഖേര എക്സിൽ പ്രതികരിച്ചു.

ആർഎസ്എസ് ഇപ്പോൾ പുറത്തിറക്കിയ നാണയത്തിന് പകരമായി വി ഡി സവർക്കർ ബ്രിട്ടീഷുകാരിൽനിന്നും പെൻഷനായി കൈപ്പറ്റിയിരുന്ന 60 രൂപയുടെ നാണയമാണ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് പവൻ ഖേര ആഞ്ഞടിച്ചു. ആർഎസ്എസിനായി അവർക്ക് ഒരു നാണയം പുറത്തിറക്കണമായിരുന്നെങ്കിൽ അത് സവർക്കർക്ക് ബ്രിട്ടീഷ് സർക്കാരിൽ നിന്ന് പെൻഷനായി ലഭിച്ചിരുന്ന 60 രൂപയുടെ നാണയം ആകണമായിരുന്നു. അവർക്ക് ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കണമെന്നുണ്ടായിരുന്നെങ്കിൽ ബ്രിട്ടീഷ് പോസ്റ്റിനു വേണ്ടി ചെയ്യാമായിരുന്നു, അതുവഴിയാണ് അവർ മാപ്പ് അപേക്ഷകൾ അയച്ചിരുന്നത്. എത്ര സ്റ്റാമ്പുകൾ അച്ചടിച്ചാലും എത്ര നാണയങ്ങൾ പുറത്തിറക്കിയാലും ആർഎസ്എസിനെ പാഠ്യപദ്ധതിയിൽ തിരുകികയറ്റിയാലും ഈ രാജ്യം ഗാന്ധിയുടേതാണ്. ഗാന്ധിയുടേതായിതന്നെ തുടരുകയും ചെയ്യുമെന്നാണ് പവൻ ഖേരയുടെ പ്രതികരണം.
അധികാരത്തിൽനിന്നും പുറത്താക്കപ്പെടുന്ന നിമിഷം ആർഎസ്എസ്- ബിജെപി പ്രത്യയശാസ്ത്രത്തെ ‘പാലിൽ വീണ ഈച്ചയെ’ പോലെ എടുത്തുകളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
