പാലക്കാട്: കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബുവിന്റെ അധിക്ഷേപ പരാമർശത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് പാലക്കാട് നോർത്ത് പൊലീസ്. അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സിവി സതീഷ് ആണ് പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസിൻ്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് എഎസ്പിക്ക് നോർത്ത് സിഐ റിപ്പോർട്ട് സമർപ്പിച്ചു. ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ട് എടുക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. നേരിട്ടുള്ള പരാതി അല്ലാത്തതിനാലാണെന്നും പൊലീസ് വ്യക്തമാക്കുന്നു

ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നുമായിരുന്നു സുരേഷ് ബാബുവിൻ്റെ പ്രതികരണം. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചർച്ച ചെയ്യൻ സിപിഎമ്മിന് താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു. സതീശൻ്റെ പാർട്ടിയല്ലല്ലോ സിപിഎം. സതീശൻ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങൾ പറയുന്നത്. സതീശൻ്റെ നെഞ്ചത്ത് രാഹുൽ കയറി. അപ്പോൾ സതീശൻ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചപ്പോൾ സതീശൻ തിരിച്ചടിച്ചുവെന്നും സുരേഷ് ബാബു പ്രതികരിച്ചു.
