വൻ സാമ്പത്തിക പ്രതിസന്ധി; യുഎസ് ഗവൺമെന്‍റ് അടച്ചുപൂട്ടലിലേക്ക്

വൻ സാമ്പത്തിക പ്രതിസന്ധി; യുഎസ് ഗവൺമെന്‍റ് അടച്ചുപൂട്ടലിലേക്ക്
യുഎസ് കാപ്പിറ്റോൾ Photo| Bloomberg

വാഷിങ്ടൺ: യുഎസിൽ വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടലിലേക്ക്. സർക്കാർ ചെലവുകൾക്കുള്ള ധനാനുമതി ബിൽ പാസാക്കാനായില്ല. എല്ലാ സർക്കാർ വകുപ്പുകളും ഇതോടെ സ്തംഭിക്കും . ആരോഗ്യ പരിരക്ഷാ ചെലവുകൾ ബില്ലിൽ ഉൾപെടുത്തിയില്ലെങ്കിൽ സഹകരിക്കില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.

ഫെഡറല്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാകാത്ത സാഹചര്യത്തില്‍ യുഎസ് ഗവണ്‍മെന്‍റ് അടച്ചുപൂട്ടലിലേക്കു (ഷട്ട്ഡൗണ്‍) നീങ്ങുകയാണെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ തന്റെ സര്‍ക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവരേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കവെയാണ് ‘ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം’ എന്ന് ട്രംപ് വ്യക്തമാക്കിയത്.

അമേരിക്കയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ ഒന്നിന് മുൻപ് ഫണ്ട് അനുവദിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ വകുപ്പുകളുടെ പ്രവർത്തനം തടസപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്താൻ യുഎസ് സർക്കാർ നിർബന്ധിതരാകുന്ന ഷട്ട്ഡൗൺ സാഹചര്യം ഉടലെടുത്തേക്കും.

1981 ന് ശേഷമുള്ള 15-ാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. സർക്കാർ സേവനങ്ങൾ നിർത്തിവെക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്നു വിശേഷിപ്പിക്കുന്നത്. ഷട്ട്ഡൗൺ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് നടത്തിയ ചർച്ച വിജയം കണ്ടിരുന്നില്ല.2018-19ൽ 35 ദിവസം ഇത്തരത്തിൽ ഷട്ട്ഡൗൺ നേരിട്ടിരുന്നു