പുരസ്കാരനിറവിൽ ലർക്ക്
.
രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രോത്സവങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത് ഒരു മലയാള ചിത്രമാണ്. എം.എ.നിഷാദ് കഥയും സംവിധാനവും നിർവ്വഹിച്ച ‘ലർക്ക്’ ആണ് ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ നേടി മുന്നേറുന്നത്. ഇതിനോടകം മധ്യപ്രദേശ് വിന്ധ്യാ ഫിലിം ഫെസ്റ്റിവൽ, കൊൽക്കൊത്ത ബെറ്റർ എർത്ത് ഫിലിം ഫെസ്റ്റിവൽ, കർണാടക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് ശ്രീലങ്ക, സിലോൺ എന്നീ നാല് അന്താരാഷ്ട്ര ചലച്ചിത്രോൽസവങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിനേതാവിനുള്ള പുരസ്കാരം കർണാടകയിലും, ശ്രീലങ്കയിലും എം.എ.നിഷാദ് നേടിയിരുന്നു. അതു കൂടാതെ മധ്യപ്രദേശ് വിന്ധ്യാ ചലച്ചിത്രോത്സവത്തിൽ മികച്ച സഹനടൻ – ടി.ജി.രവി, എഡിറ്റർ – വിപിൻ മണ്ണൂർ, സൗണ്ട് ഡിസൈൻ – ഗണേഷ് മാരാർ എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങൾ കൂടി നേടുകയുണ്ടായി.
കേരളത്തിന്റെ മലയോരപ്രദേശങ്ങളിലെ വന്യജീവി ആക്രമണങ്ങൾ പ്രമേയമാക്കിയ ചിത്രം വിവിധ തലങ്ങളിൽ ചർച്ചയാവുകയാണ്. 2025ൽ സെൻസറിംഗ് കഴിഞ്ഞ ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. നിർമ്മാണക്കമ്പനിയായ ‘കേരളാ ടാക്കീസ്’ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്.
സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി.രവി, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ് മേനോൻ അനുമോൾ, മഞ്ജുപിള്ള, സരിത കുക്കു, സ്മിനു സിജോ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: രജീഷ് ടി രാമൻ, എഡിറ്റർ: വിപിൻ മണ്ണൂർ, തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്. പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്.
