ശാന്തിഗ്രാം സാംസ്കാരിക നിലയം ‘ആക്രി കേന്ദ്ര’മാകുന്നു; ജനജീവിതം ദുസ്സഹമാക്കി നിയമലംഘനങ്ങളും മാലിന്യ നിക്ഷേപവും.

ശാന്തിഗ്രാം സാംസ്കാരിക നിലയം ‘ആക്രി കേന്ദ്ര’മാകുന്നു; ജനജീവിതം ദുസ്സഹമാക്കി നിയമലംഘനങ്ങളും മാലിന്യ നിക്ഷേപവും.

▪️▪️▪️▪️▪️

പൊൻകുന്നം : എഴുപത്തഞ്ചോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാമിലെ ഏക പൊതുസ്ഥലമായ സാംസ്കാരിക നിലയം നാശത്തിന്റെ വക്കിലാണ്. നാടിന്റെ പൊതുപരിപാടികൾക്കും കുട്ടികളുടെ കായിക വിനോദങ്ങൾക്കുമായി നീക്കിവെച്ചിട്ടുള്ള ഈ പ്രദേശം ഇപ്പോൾ ആക്രി സാധനങ്ങളുടെയും ഉപയോഗശൂന്യമായ വാഹനങ്ങളുടെയും താവളമായി മാറിയിരിക്കുകയാണ്.

ഗ്രാമസഭകൾ, പോളിയോ തുള്ളിമരുന്ന് വിതരണം, പഞ്ചായത്ത്-ആരോഗ്യ വകുപ്പ് എന്നിവയുടെ വിവിധ പരിപാടികൾ തുടങ്ങിയവ നടക്കേണ്ട പ്രധാന വേദിയാണിത്. ഏകദേശം ആറ് വർഷങ്ങൾക്ക് മുൻപ്, മഴ നനയാതെ പരിപാടികൾ നടത്താനായി പഞ്ചായത്ത് ഈ ഗ്രൗണ്ട് റൂഫ് ചെയ്ത് സാംസ്കാരിക നിലയമായി നവീകരിച്ചിരുന്നു. എന്നാൽ ഇന്ന് ഇവിടെ പലരും ഓരോ ഭാഗങ്ങൾ സ്വന്തം ആവശ്യത്തിനായി റിസർവ് ചെയ്ത് വെച്ചിരിക്കുന്ന അവസ്ഥയാണ്. ഒരു വീട്ടിൽ തന്നെ മൂന്നും നാലും വാഹനങ്ങൾ ഉള്ളവർ അവയെല്ലാം ഈ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്നതും, കൂടാതെ മീൻ പെട്ടികളും ആക്രി സാധനങ്ങളും കൂട്ടിയിടുന്നതും സാംസ്കാരിക നിലയത്തിന്റെ ലക്ഷ്യത്തെ തന്നെ തകർക്കുന്നു.

സ്ഥലപരിമിതിയുള്ള ശാന്തിഗ്രാമിൽ വാഹനങ്ങൾ തിരിക്കാനുള്ള ഏക ഇടം ഈ ഗ്രൗണ്ടാണ്. ഗ്രൗണ്ട് മുഴുവൻ ആക്രി സാധനങ്ങളും വാഹനങ്ങളും കയ്യടക്കിയതോടെ കുട്ടികളെ കൊണ്ടുവരാൻ എത്തുന്ന സ്കൂൾ വാഹനങ്ങൾ തിരിക്കാൻ കഴിയാതെ വളരെയേറെ സമയം ഇവിടെ നഷ്ടപ്പെടുകയാണ്. ആറടി പോലും വീതിയില്ലാത്ത റോഡിന്റെ പകുതിയോളം ഭാഗം മറച്ച് തുണി വിരിച്ച് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയും ഇവിടെയുണ്ട്.

ഈ ദുരവസ്ഥ കാരണം ഓട്ടോറിക്ഷകൾ പോലും കോളനിയിലേക്ക് വരാൻ വിമുഖത കാണിക്കുന്നു. ആക്രി സാധനങ്ങൾക്കിടയിലെ മൂർച്ചയുള്ള ആണികളും സ്ക്രൂകളും ഇരുമ്പ് പീസുകളും ഗ്രൗണ്ടിൽ ചിതറിക്കിടക്കുന്നത് കുട്ടികൾക്കും കാൽനടയാത്രക്കാർക്കും വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. വാഹനങ്ങളുടെ ടയറുകൾ തുളഞ്ഞു കയറി കേടുപാടുകൾ സംഭവിക്കുന്നതും പതിവാകുന്നു.

ആക്രി സാധനങ്ങളിൽ നിന്നും ചെമ്പ് വേർതിരിക്കാനായി വീടിന് പിന്നിലിട്ട് വയറുകൾ കത്തിക്കുന്നത് പ്രദേശത്ത് രൂക്ഷമായ പുകയും വായു മലിനീകരണവും ഉണ്ടാക്കുന്നു. ഗർഭിണികളും കുട്ടികളും രോഗികളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് ഇത്തരം നിയമലംഘനങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിന് പുറമെ കച്ചവടം കഴിഞ്ഞ് വരുന്ന മീൻ വണ്ടികൾ കഴുകാതെ ഇവിടെ പാർക്ക് ചെയ്യുന്നതും ഇവിടെയിട്ട് കഴുകുന്നതും മൂലമുള്ള ദുർഗന്ധം അസഹനീയമാണ്.

കൊച്ചു കുട്ടികൾ പഠിക്കുന്ന അങ്കണവാടിയും പൊതുജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ പഞ്ചായത്ത് കിണറും ഇതിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. അങ്കണവാടിയിലേക്ക് പോകുന്ന പിഞ്ചുകുട്ടികൾക്കും രക്ഷിതാക്കൾക്കും മീൻ വണ്ടികൾക്കും ആക്രിക്കൂട്ടത്തിനും ഇടയിലൂടെ വേണം യാത്ര ചെയ്യാൻ. കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഉൾപ്പെടെ ഈ വിഷയം വലിയ ചർച്ചയായിരുന്നു.

നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ശാന്തിഗ്രാം രൂപപ്പെട്ട കാലം മുതൽ നാടിന്റെ പൊതു ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ ഇടം കയ്യേറ്റങ്ങളിൽ നിന്നും മലിനീകരണത്തിൽ നിന്നും മുക്തമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

#ponkunnam #chirakkdavu