ദില്ലി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സ്വന്തമാക്കിയത് അപൂർവ റെക്കോർഡ്. ക്യാപ്റ്റനായി ഇറങ്ങിയ ഏഴാം ടെസ്റ്റിൽ അഞ്ചാം സെഞ്ചുറിയാണ് ഗിൽ ഇന്ന് വിൻഡീസിനെതിരെ നേടിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റനായി അരങ്ങേറിയ ഗിൽ അഞ്ച് ടെസ്റ്റിൽ നിന്ന് നാലു സെഞ്ചുറികൾ നേടിയിരുന്നു. ക്യാപ്റ്റനായശേഷൺ കളിച്ച ഏഴ് ടെസ്റ്റിലെ 12 ഇന്നിംഗ്സുകളിൽ അഞ്ച് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ ഗില്ലിന്റെ ബാറ്റിംഗ് ശരാശരി 84 ആണ്.
ക്യാപ്റ്റനായശേഷം മിന്നിത്തിളങ്ങി
ടെസ്റ്റിൽ ഈ വർഷം ഗിൽ നേടുന്ന അഞ്ചാം സെഞ്ചുറിയാണിത്. ഇതോടെ ഒരു കലണ്ടർ വർഷം ഏറ്റവും വേഗത്തിൽ 5 സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് നേടാനും ഗില്ലിനായി. 2017ലും 2018ലും വിരാട് കോലിയും ഒരു കലണ്ടർ വർഷം അഞ്ച് സെഞ്ചുറികൾ നേടിയിട്ടുണ്ട്. എന്നാൽ 2017ൽ 16 ഇന്നിംഗ്സിൽ നിന്നും 2018ൽ 24 ഇന്നിംഗ്സിൽ നിന്നുമാണ് കോലി 5 സെഞ്ചുറികൾ നേടിയതെങ്കിൽ വെറും 12 ഇന്നിംഗ്സുകളിൽ നിന്നാണ് ഗിൽ അഞ്ച് സെഞ്ചുറികൾ കുറിച്ചത്.1997ൽ ക്യാപ്റ്റനായിരിക്കെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 17 ഇന്നിംഗ്സിൽ നിന്ന് നാലു സെഞ്ചുറികൾ നേടിയിരുന്നു.
എന്നാൽ അഞ്ച് സെഞ്ചുറികൾ തികയ്ക്കാൻ ഏറ്റവും കുറവ് ഇന്നിംഗ്സുകൾ തികച്ച ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് ഇപ്പോഴും സുനിൽ ഗവാസ്കറുടെ പേരിലാണ്. ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ വെറും 10 ഇന്നിംഗ്സിൽ നിന്നായിരുന്നു ഗവാസ്കർ അഞ്ച് സെഞ്ചുറികൾ നേടിയത്. ക്യാപ്റ്റനായശേഷം വിരാട് കോലി 18 ഇന്നിംഗ്സിൽ നിന്നാണ് അഞ്ച് സെഞ്ചുറികൾ തികച്ചത്. ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചുറിയാണ് ഇന്ന് വിൻഡീസിനെതിരെ കുറിച്ചത്. ടെസ്റ്റിൽ പത്തും ഏകദിനത്തിൽ എട്ടും ടി20യിൽ ഒരു സെഞ്ചുറിയുമുള്ള ഗില്ലിന്റെ രാജ്യാന്തര സെഞ്ചുറികളുടെ എണ്ണം 19 ആയി.
