ലോകയുടെ വിജയത്തിൽ നിന്നുമൊന്നും എടുക്കുന്നില്ല, പക്ഷേ ആ സ്പേസ് ഉണ്ടാക്കിയത് ഞങ്ങൾ’: റിമ കല്ലിങ്കൽ

മലയാള സിനിമയ്ക്ക് പുത്തൻ നാഴികകല്ല് സമ്മാനിച്ച സിനിമയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. റിലീസ് ദിനം മുതൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് കല്യാണി പ്രിയദർശൻ ആണ്. നീലി എന്ന ചന്ദ്രയായി കല്യാണി നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിൽ 300 കോടി തൊടാൻ ഇനി ഏതാനും സംഖ്യകൾ കൂടി മാത്രമാണ് ബാക്കി. കൂടാതെ ഇന്ത്യൻ സിനിമയിൽ തന്നെ ഒരു നായിക ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ കൂടിയാണ് കല്യാണി നേടിയത്. ചിത്രം പ്രേക്ഷക പ്രിയം നേടി മുന്നേറുന്നതിനിടെ പാർവതിയേയും ദർശനയേയും പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണ് ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റെന്ന തരത്തിൽ നൈല ഉഷ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതേറെ ചർച്ചയായി മാറുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ തന്റെ ഭാഗം വ്യക്തമാക്കുകയാണ് റിമ കല്ലിങ്കൽ.

ലോകയുടെ വിജയത്തിൽ നിന്നും ഒന്നും എടുത്തുകൊണ്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിമിഷും(ഛായാഗ്രാഹകൻ) ഡൊമനികും(സംവിധായകൻ) എനിക്ക് അറിയാവുന്നവരാണ്. ഇതുപോലുള്ള സംസാരങ്ങൾ കാരണമാണ് ഇത്തരം സിനിമകൾ(സ്ത്രീ കേന്ദ്രീകൃത) ഉണ്ടാകാനും അത് നൽകപ്പെടാനും സാധിക്കുന്നൊരു സ്പെയ്സ് ഉണ്ടായത്. ഞങ്ങൾ ഉണ്ടാക്കിയതെന്ന് പറയാൻ താല്പര്യമില്ല. അതിനൊരു സ്റ്റേജ് ഞങ്ങളെല്ലാവരും ചേർന്ന് ഉണ്ടാക്കി എടുത്തു എന്നതാണ്”, എന്ന് റിമ കല്ലിങ്കൽ പറയുന്നു.

“സിനിമ എന്നത് ഒരുകാലത്തും ഒരാൾക്കും സ്വന്തമല്ല. നല്ല സിനിമകൾക്കും മികച്ച ക്രാഫ്റ്റുകൾക്കും വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതാര് അഭിനയിച്ചാലും, പ്രത്യേകിച്ച് മലയാള പ്രേക്ഷകർ അതേറ്റെടുക്കും. സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്ന് പറയുമ്പോൾ തന്നെ ഇത്രയും ബജറ്റെ ഉള്ളൂവെന്ന് പറയും. ഇത് ബാധിക്കുന്നത് ക്രാഫ്റ്റിനെയാണ്. കുറച്ച് ബജറ്റേ നമുക്ക് കിട്ടിയുള്ളൂവെന്ന് പ്രേക്ഷകരോട് നമുക്ക് പറയാൻ പറ്റില്ലല്ലോ. അവരെല്ലാ ടിക്കറ്റിനും ഒരേ പൈസ തന്നെയാണ് കൊടുക്കുന്നത്. അവർ ഉദ്ദേശിക്കുന്ന ക്രാഫ്റ്റ് കിട്ടണം. മലയാളം പ്രേക്ഷകർ ഒരു ബാൻ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ വിലപേശൽ നടക്കില്ല. യാഥാർത്ഥ്യം എന്തെന്നാൽ സ്ത്രീ കേന്ദ്രീകൃത സിനിമയാണെങ്കിൽ ഇത്രയും ബജറ്റെ ഉള്ളൂ. റിസ്ക് എടുക്കാൻ പറ്റില്ലെന്ന് പറയും. എന്നാൽ 5 സിനിമകൾ പരാജയപ്പെട്ടൊരു നടന്റെ സിനിമയ്ക്ക് ആ റിസ്ക് അവരെടുക്കും. ജെന്റർ വ്യത്യാസം ഉള്ളത് ഇന്റസ്ട്രിക്ക് ഉള്ളിലാണെന്നാണ് എനിക്ക് മനസിലായത്. അല്ലെങ്കിൽ പിന്നെ വലിയ സ്റ്റാർ വാല്യൂ ഉള്ള നടന്റെ ഒരു സിനിമയും പൊട്ടരുത്. നല്ല സിനിമകൾ ആര് അഭിനയിച്ചാലും വിജയിക്കും. അതിന് വേണ്ട പിന്തുണയും വേണം. അവിടെ ലിംഗ വ്യത്യാസമില്ല. സിനിമ എന്നത് പവർഫുൾ ആണ്”, എന്നും റിമ കൂട്ടിച്ചേർത്തു. ന്യു ഇന്ത്യന്‍ എക്സ്പ്രസിനോട് ആയിരുന്നു റിമയുടെ പ്രതികരണം.