അമേരിക്കയിൽ സർക്കാർ ചിലവുകൾക്കുള്ള ബിൽ സെനറ്റിൽ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ഷട്ട്ഡൗണ്‍ 10 ദിവസം പിന്നിട്ടു. ഇതോടെ, 4000-ത്തിലധികം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാർ നടപടികൾ ആരംഭിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിനം പിന്നിടുകയാണ്. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ. ജീവനക്കാരുടെ പിരിച്ച് വിടലിന് നീക്കവും ആരംഭിച്ചു. 4,000ത്തിൽ ഏറെ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഭരണകൂടം നടപടികള്‍ ആരംഭിച്ചുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. സെക്യൂരിറ്റി, വിദ്യാഭ്യാസം, ഊര്‍ജം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരെ പിരിച്ച് വിടാനാണ് നീക്കം നടക്കുന്നത്.
ഫെഡറല്‍ ജീവനക്കാരുടെ സംഘടനകളും തൊഴിലാളി യൂണിയനുകളും പിരിച്ചുവിടൽ നീക്കത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ്, പിരിച്ചുവിടലിനെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചു .ട്രഷറി ഡിപ്പാര്‍ട്‌മെന്റിലും ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിലും മാത്രമായി 2,500ല്‍ പരം ജീവനക്കാര്‍ക്ക് ലേ ഓഫ് നോട്ടീസ് നല്കി. കൂടാതെ വാണിജ്യം, പരിസ്ഥിതി സംരക്ഷണം, , ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് തുടങ്ങിയ വകുപ്പുകളിലും ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസുകള്‍ നൽകിയിട്ടുണ്ട്.
സേവനങ്ങളെ ബാധിക്കും
രാജ്യത്തിന്റെ സുരക്ഷ, ആരോഗ്യം, ദുരന്തസേവനം തുടങ്ങിയ മേഖലകളില്‍ സേവനം നല്‍കുന്ന ജീവനക്കാരെ ദുരിതത്തിലാക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നതെന്ന് സെനറ്റര്‍ ചക്ക് ഷൂമര്‍ പറഞ്ഞു. ട്രഷറി വകുപ്പ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ പിരിച്ചുവിടല്‍ വലിയ സാമ്പത്തിക ആഘാതമാകും. സര്‍ക്കാര്‍ തങ്ങളുടെ നിലപാട് പുനപരിശോധിക്കണമെന്നാണ് ആവശ്യമുയരുന്നത്. ജീവനക്കാരുടെ യൂണിയനുകള്‍ നിയമനടപടികള്‍ തുടരും.
