ശബരിമലയിലെ രണ്ട് കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തെന്ന് അറസ്റ്റ് മെമ്മോ. അഞ്ച് വകുപ്പുകളാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം സംസ്ഥാനത്തിന്റെ പുറത്തേക്ക് കൊണ്ടുപോയി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കിയെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു.

ബെംഗളൂരു, ഹൈദരാബാദ് ചെന്നൈ എന്നിവിടങ്ങളിൽ പ്രതിയുമായി പരിശോധന നടത്തണമെന്നും സംസ്ഥാനത്തിന് പുറത്തു തെളിവെടുപ്പ് അനിവാര്യമെന്നും പ്രോസിക്യൂഷൻ കസ്റ്റഡിയിൽ വാദം ഉന്നയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോഗ്യ അവസ്ഥ പരിഗണിക്കണമെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. എല്ലാ ദിവസവും വൈകിട്ട് മെഡിക്കൽ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു.
ഹൈക്കോടതി നിർദേശ സമയപരിധിയും അന്വേഷണസംഘം കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇതോടെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഒക്ടോബർ 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.അന്വേഷണ സംഘം പോറ്റിയുമായി ഉടൻ തെളിവെടുപ്പിന് പോയേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിലാണ് നീക്കം.
