കൊറ്റില്ലങ്ങൾ ഇല്ലാതാകുന്നു, ദേശാടനപക്ഷികൾ കരയുന്നു

പരിസ്ഥിതി സന്തുലനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ദേശാടന പക്ഷികളുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ പ്രജനന കേന്ദ്രങ്ങളായ കൊറ്റില്ലങ്ങളെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.  

ദേശാടന പക്ഷികളെയും അവയുടെ ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്താനായി തെരഞ്ഞെടുത്തിരിക്കുന്ന ദിവസങ്ങളാണ് ദേശാടന പക്ഷി ദിനം. ഒന്നല്ല, രണ്ട് പക്ഷി ദിനങ്ങളാണ് ഒരു വര്‍ഷം ആഘോഷിക്കുന്നത്. അവ മെയ്, ഒക്ടോബർ മാസങ്ങളിലെ രണ്ടാമത്തെ ശനിയാഴ്ചകളിലായി ആഘോഷിക്കുന്നു.

പക്ഷികളുടെ ദേശാടനം ശാസ്ത്രലോകത്തിന് ഇന്നും ഒരു അത്ഭുതമാണ്. ലോകത്തിലെ ആകെ പക്ഷി ഇനങ്ങളിൽ ഇരുപത് ശതമാനത്തോളം പക്ഷികൾ പ്രജനനത്തിനും ഭക്ഷണത്തിനുമായി ദീർഘദൂരം സഞ്ചരിക്കുന്നുണ്ടെന്ന് കണക്കുകൾ. തങ്ങളുടെ അതിജീവനത്തിനും വംശ വർദ്ധനവിനുമായി ഏറ്റവും മികച്ച പാരിസ്ഥിതിക സാഹചര്യങ്ങളും ആവാസ വ്യവസ്ഥകളും കണ്ടെത്താൻ ഈ പക്ഷികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ പറക്കുന്നു. പക്ഷികളുടെ ഈ ദേശാന്തര യാത്രകൾ പരിസ്ഥിതി സംന്തുലനത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. കാർഷിക വിളകളെ ബാധിക്കുന്ന കീടങ്ങളുടെയും പ്രാണികളുടെയും എണ്ണം നിയന്ത്രിക്കുക മാത്രമല്ല വലിയ പരാഗണകാരികളായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് പക്ഷികൾ. ലോകത്തിലുള്ള ബഹുഭൂരിപക്ഷം വൃക്ഷങ്ങളുടെയും വിത്തുകൾ പലയിടങ്ങളിലായി വിതറി അവയെ നിലനിർത്തുന്നതും പക്ഷികളുടെ ഈ അതിരില്ലാ പറക്കലുകളാണ്. എന്നാലിന്ന്, ആ നീണ്ട പറക്കലുകൾക്കൊടുവില്‍ കാലുറപ്പിക്കാനൊരു മരച്ചില്ലയില്ലെന്നത് ദേശാടന പക്ഷിക്കളുടെ വരവിനെ തന്നെയാണ് പ്രതീകൂലമായി ബാധിച്ചിരിക്കുന്നത്.

ദേശാടനപക്ഷികളിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് നീർപക്ഷികൾ. ഇവയിൽ ചില വെള്ളരിപ്പക്ഷികളുടെയും നീർ കാക്കകളുടെയും പ്രജനനകാലമാണ് കേരളത്തിലിപ്പോൾ. കൊറ്റില്ലങ്ങളിൽ അവരുടെ ദാമ്പത്യകാലമാണ്. ജലപക്ഷികൾ പ്രജനനത്തിനായി കൂട്ടമായി കൂടുവച്ച് താമസിക്കുന്ന ഇടങ്ങളെയാണ് ‘കൊറ്റില്ലങ്ങൾ’ എന്ന് വിളിക്കുന്നത്. ഇടവത്തിൽ പുതുമഴ പൊടിയുന്നതിന് മുൻപുതന്നെ പ്രകൃതി നല്‍കുന്ന സ്വയംവരാഭരണങ്ങള്‍ അണിഞ്ഞ്‌ സുന്ദരന്‍മാരും സുന്ദരികളുമാകുന്ന നീര്‍പക്ഷികള്‍ ഇണകളോടൊത്ത്‌ മധുവിധുവിനായി കൊറ്റില്ലങ്ങളിലേക്ക് എത്തിത്തുടങ്ങും. പിന്നെ ഗൃഹസ്ഥാശ്രമമായി.

നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലെ പ്രാന്തപ്രദേശങ്ങളിലും പ്ലാവ്, പുളി, ആല്‍, മഴമരം തുടങ്ങി ഉയരും കൂടിയ വൃക്ഷങ്ങളിൽ ഒരുങ്ങുന്ന ഈ കൊറ്റില്ലങ്ങളില്‍ കറുപ്പും വെളുപ്പുമായി ആയിരക്കണക്കിന്‌ നീര്‍പക്ഷികളാണ്‌ മധുവിധുവിനെത്തുക. ഇവരില്‍ വിരുന്നുകാരും വീട്ടുകാരുമുണ്ടാവും. പ്രധാനമായും വെള്ളരികൊക്കുകളും നീർക്കാക്കകളുമാണ് ഇവിടത്തെ താമസക്കാർ. ചില കൊറ്റില്ലങ്ങളിലെങ്കിലും പത്തിലധികം ജലപക്ഷി വിഭാഗങ്ങളെ കാണാറുണ്ടെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നു.

നാട്ടുകാരന്‍ കുളകൊക്കാണ്‌ ഇല്ലത്തില്‍ ആദ്യമെത്തുക. ചളിപുരണ്ടത് പോലെ ചന്തമില്ലാത്ത കുളകൊക്കിന്‌ ദാമ്പത്യ കാലത്ത്‌ വെള്ളത്തൂവലുകളും, കൊക്കിനും കാലിനും പുതിയ വര്‍ണങ്ങളുമായി ആകെമൊത്തമൊരു ശൃംഗാര ഭാവമായിരിക്കും. ഇവ കൂടുവച്ച്‌ തുടങ്ങുന്നതിന്‌ പിന്നിലായി ഇംഗ്ലീഷില്‍ ‘ഈഗ്രറ്റ്സ്‌’ എന്നറിയപ്പെടുന്ന വെള്ളരിപക്ഷികളുടെ വരവായി. പ്രജനനകാലത്ത് മാത്രമുണ്ടാവുന്ന ആഭരണതൂവലുകള്‍ വിറപ്പിച്ച്‌ ശീല്‍ക്കാരത്തോടെയുള്ള ഇവയുടെ പ്രേമരംഗങ്ങളോട് കൂടിയാണ്‌ കൊറ്റില്ലങ്ങള്‍ ശ്രദ്ദയാകര്‍ഷിക്കുന്നത്‌. ഈ ആഭരണത്തൂവലുകള്‍ ഒരുകാലത്ത്‌ യൂറോപ്പിലെ സ്ത്രീകളുടെ വസ്ത്രങ്ങളിലെ അലങ്കാര വസ്തുവായിരുന്നുവെന്നാണ് പറയുന്നത്.

ചെറുമുണ്ടി, ചിന്നമുണ്ടി, ചാരമുണ്ടി, കാലിമുണ്ടി എന്നിങ്ങനെ ഇവരില്‍ത്തന്നെ വിവിധതരക്കാരുണ്ട്. മുന്‍കാലങ്ങളില്‍ വെള്ളരിപക്ഷികള്‍ കേരളത്തില്‍ കൂടുകൂട്ടാന്‍ എത്തുന്നത്‌ കുറവായിരുന്നു. കുളകൊക്കിന്‍റെ കൂടുകളില്‍ നിന്നും ചുള്ളികമ്പുകള്‍ മോഷ്ടിച്ചാണ് ഇവരുടെ കൂടുപണി. ഈ വെള്ളക്കാര്‍ക്കിടയില്‍ ചില കറുത്തവര്‍ഗക്കാരുമുണ്ടാകും. കിഴക്കൻ ഏഷ്യയിൽ നിന്ന് വരുന്ന ചേരക്കോഴി, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന വലിയ നീർക്കാക്ക എന്നിവരാണ് ഇവർ.

രാത്രീഞ്ചരനായ പാതിരാ കൊക്കാണ്‌ ഇല്ലത്തിലെ മറ്റൊരു അന്തേവാസി. ചാരവും വെള്ളയും കലര്‍ന്ന്‌ കുളകൊക്കിനോട്‌ രൂപ സദൃശമുള്ള പാതിരാകൊക്ക്‌ പലര്‍ക്കും അപരിചിതനാണ്‌. ഇവ പകല്‍ കൂടുവിട്ട്‌ പുറത്തിറങ്ങാറില്ലെന്നത് തന്നെ കാരണം. ഒന്നിച്ച്‌ ഒരു മരത്തില്‍ കൂടുകെട്ടുന്ന ഈ നീര്‍പക്ഷികളുടെ പ്രജനനകാലം ഒക്ടോബർ മാസത്തോടെ അവസാനിക്കും. ഇതിനിടെയില്‍ രണ്ടും മൂന്നും വട്ടം ഇവ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കിയിട്ടുണ്ടാകും.

കേരളത്തിലെ എല്ലാ ജില്ലകളിലും കൊറ്റില്ലങ്ങളുടെ സാന്നിദ്ധ്യമുണ്ട്. ഈ വർഷം കാസർകോട് കൊറ്റില്ലങ്ങളുടെ സർവേ നടന്നിരുന്നു. വയനാട്ടിലെ പനമരത്തും കോട്ടയത്തെ കുമരകത്തുമാണ് കേരളത്തിലെ പേരുകേട്ട കൊറ്റില്ലങ്ങളുള്ളത്. കണ്ണൂർ സ്റ്റേഡിയം കോർണറിലുള്ള മഴമരങ്ങളിലെ കൊറ്റില്ലങ്ങളിൽ വർഷംതോറും നൂറുകണക്കിന് പക്ഷിക്കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങുന്നത്. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരത്തും നീർക്കാക്കകളുടെയും ചേരക്കോഴികളുടെയും വലിയ ഇല്ലങ്ങൾ കാണാൻ കഴിയും. പാലക്കാട് മിഷൻ സ്‌കൂളിന് മുന്നിലെ പാർക്കുകളിലെ വലിയ മരങ്ങളിലും ഈ വെള്ളരി പക്ഷികൾ കൂടൊരുക്കിയിട്ടുണ്ട്.

ആളുകൾ കൂടുന്നിടത്തുള്ള കൊറ്റില്ലങ്ങളിൽ നിന്ന് വീഴുന്ന കാഷ്ടങ്ങളും തൂവലുകളും ശല്യമാകുന്നതോടെ ഈ മരങ്ങൾ മുറിച്ചു മാറ്റുന്നതാണ് ഇപ്പോഴത്തെ പതിവ് കാഴ്ചകൾ. അതോടുകൂടി ആയിരക്കണക്കിന് പക്ഷികളുടെ പ്രജനനവും പ്രതിസന്ധിയിലാകുന്നു. പക്ഷിവേട്ടയും മരംമുറിക്കലും പലയിടങ്ങളിലും കൊറ്റില്ലങ്ങളെ ഇപ്പോൾ തന്നെ നാമാവശേഷമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും കൊറ്റില്ലങ്ങളുടെ നാശത്തിന് മറ്റൊരു കാരണമാണ്. ജനവാസ മേഖലയിലെ ‘കൊറ്റില്ല’ങ്ങളുടെ സംരക്ഷണത്തിന് പ്രാദേശിക തലത്തിൽ നടപടികളുണ്ടായാൽ വലിയൊരു ജീവിവർഗ്ഗത്തിന്‍റെ വംശനാശത്തെ അതിജീവിക്കുന്നതിനൊപ്പം പരസ്ഥിതിയുടെ പുനസ്ഥാപനവും നടക്കും.