ശബരിമല: സ്വര്‍ണം ചെമ്പായി, ദേവസ്വം രേഖകളിൽ ദുരൂഹത

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണംപൂശിയ തകിടുകൾ രേഖകളിൽ ചെമ്പായി മാറിയതിനുപിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം. ക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫീസർമുതൽ ബോർഡ് സെക്രട്ടറി വരെയുള്ളവരുടെ റിപ്പോർട്ടുകളിലും ഉത്തരവുകളിലും ഗുരുതര വീഴ്ചകളുണ്ട്

ദ്വാരപാലകശില്പത്തിലും മൂലകളിലും പതിച്ചിരുന്നവ ചെമ്പുതകിടുകളാണെന്നാണ് സ്വർണംപൂശാൻ കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻപോറ്റിക്ക് അനുമതി നൽകിക്കൊണ്ടുള്ള 2019-ലെ ദേവസ്വം ഉത്തരവിൽ പറയുന്നത്. ചെമ്പുതകിടുകളാണെന്ന് ആദ്യം രേഖപ്പെടുത്തിയത് ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്ന സന്നിധാനത്തെ പ്രധാന ഉദ്യോഗസ്ഥനാണെന്നാണ് സൂചന. ഇത് മറ്റെല്ലാ ഉദ്യോഗസ്ഥരും ആവർത്തിക്കുകയായിരുന്നു. ദേവസ്വംസെക്രട്ടറിയുടെ ഉത്തരവിലും ചെമ്പെന്നുതന്നെയാണ് പറയുന്നത്. സ്വർണം പൂശിയതാണെന്ന് അറിയാമായിരുന്നെങ്കിലും രേഖകളിൽ ആസൂത്രിതമായി ഒഴിവാക്കുകയായിരുന്നെന്നാണ് ആരോപണം.

ചെമ്പുതകിടുകൾ ഇളക്കി മഹസർ തയ്യാറാക്കി ഉണ്ണികൃഷ്ണൻപോറ്റിക്ക് കൈമാറണമെന്നാണ് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. എന്നാൽ, നിയമപരമായി ദേവസ്വം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഇത് ഉത്തരവിൽ പറഞ്ഞില്ല. തിരുവാഭരണം കമ്മിഷണറുടെ മേൽനോട്ടത്തിൽ സ്വർണംപൂശണം എന്നും ഉത്തരവിലുണ്ട്. ഇതും പാലിക്കപ്പെട്ടില്ല. തകിടുകൾ ഉണ്ണികൃഷ്ണൻപോറ്റി സ്വന്തം ഇഷ്ടത്തിന് കൊണ്ടുപോകുകയായിരുന്നു.

കമ്മിഷണറുടെ ശുപാർശയിൽ ദേവസ്വം ബോർഡാണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ, ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വർണം പൊതിയാൻ കൊണ്ടുപോകണമെന്നായിരുന്നു ബോർഡ് തീരുമാനമെന്നും ഉത്തരവിൽ ഇത് വന്നില്ലെന്നുമാണ് ബോർഡ് അധികൃതർ പറയുന്നത്.

2025-ൽ പോലീസിന്റെ അകമ്പടിയിലും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലുമാണ് തകിടുകൾ കൊണ്ടുപോയത്. 1999-ൽ സന്നിധാനത്ത് നടന്ന സ്വർണംപൊതിയലിലും ഉദ്യോഗസ്ഥരുടെ മുഴുവൻസമയ മേൽനോട്ടം ഉണ്ടായിരുന്നു