സത്യൻ അന്തിക്കാടിന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറിയുള്ള സിനിമ ആയിരുന്നു കളിക്കളം
മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ കോമഡി ഡ്രാമ ചിത്രമാണ് കളിക്കളം. എസ് എൻ സ്വാമി തിരക്കഥയെഴുതിയ ചിത്രത്തിന് ഇന്നും വലിയ ആരാധകരാണുള്ളത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കള്ളൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സത്യൻ അന്തിക്കാടിന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറിയുള്ള സിനിമ ആയിരുന്നു കളിക്കളം. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് മനസുതുറക്കുകയാണ് സത്യൻ അന്തിക്കാട്.
കളിക്കളത്തിലെ കള്ളനെ തിരിച്ചു കൊണ്ടുവരുന്നതിനെ പറ്റി മമ്മൂട്ടിയോട് പറഞ്ഞിരുന്നു. ആ സിനിമയെക്കുറിച്ചുള്ള ആലോചനകൾ മനസിലുണ്ട്. ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ ചെയ്തേക്കാം. വേണമെങ്കിൽ കുറച്ച് പ്രായമായ രൂപത്തിൽ ആണെങ്കിലും കുഴപ്പമില്ല. ആ കഥാപാത്രത്തിന്റെ പ്രായത്തിന് മാറ്റമുണ്ടെങ്കിലും ഞങ്ങൾക്ക് വിരോധമില്ല. ഒരു സരസമായ ആലോചനയാണത് ചിലപ്പോൾ അത് സിനിമ ആയേക്കാം’, സത്യൻ അന്തിക്കടിന്റെ വാക്കുകൾ. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുരളി, ശോഭന, ശ്രീനിവാസൻ, ലാലു അലക്സ്, മാമുക്കോയ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
അതേസമയം, മോഹൻലാലിലെ നായകനാക്കി ഒരുക്കിയ ഹൃദയപൂർവ്വം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം. സിനിമയിലെ മോഹൻലാലിന്റേയും സംഗീത് പ്രതാപിന്റെയും കോമ്പിനേഷന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ‘ഹൃദയപൂർവ്വം’ അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.
സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.
