ആറന്മുള ആചാരലംഘന; വിവാദം ഉണ്ടാക്കിയത് ദേവസ്വം ബോർഡെന്ന് പള്ളിയോട സേവാസംഘം, ‘ആചാരലംഘനം ഉണ്ടായിട്ടില്ല’

പത്തനംതിട്ട: ആറൻമുളയിലെ ആചാരലംഘന വിവാദം ഉണ്ടാക്കിയത് ദേവസ്വം ബോർഡ് തന്നെയെന്ന് പള്ളിയോട സേവാസംഘം. ബോർഡ് കൊടുത്ത കത്തിനാണ് തന്ത്രി മറുപടി നൽകിയത്. തന്ത്രി ചടങ്ങ് നേരിട്ട് കണ്ടിട്ടില്ലെന്നും വള്ളസദ്യ നേരത്തെ നടത്തി എന്ന തെറ്റായ വിവരം ബോർഡ് ആണ് കത്തിലൂടെ തന്ത്രിയെ അറിയിച്ചത്, ആചാരലംഘനം ഉണ്ടായിട്ടില്ല എന്നും പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ വി സാംബദേവൻ പ്രതികരിച്ചു. ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രിക്ക് വിളമ്പി എന്നതാണ് ആക്ഷേപം അതിൽ പരസ്യമായ പ്രായശ്ചിത്തം ക്ഷേത്രം തന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കിടെ ആചാരലംഘനം നടന്നെന്നും പരിഹാരക്രിയ വേണമെന്നും ക്ഷേത്രം തന്ത്രിയാണ് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടത്. ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് തെറ്റാണെന്ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു. പള്ളിയോട സേവാസംഘം പ്രതിനിധികളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പരസ്യമായി പരിഹാരക്രിയ ചെയ്യണമെന്നാണ് തന്ത്രിയുടെ നിർദേശം. സെപ്റ്റംബർ 14 ന് നടന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്നാണ് ക്ഷേത്രം തന്ത്രി പറയുന്നത്. ക്ഷേത്രത്തിനുള്ളിൽ ദേവന് നേദിച്ച ശേഷം ഉച്ചപൂജ കഴിഞ്ഞാണ് ആനക്കൊട്ടിലിൽ ഉദ്ഘാടന ചടങ്ങ് നടത്തേണ്ടത്. എന്നാൽ അതിന് മുമ്പ് ദേവസ്വം മന്ത്രി സദ്യ വിളമ്പി. ആചാരലംഘനത്തിന് പരസ്യമായ പരിഹാരക്രിയ വേണമെന്ന് ദേവസ്വം ബോർഡിന് നൽകിയ കത്തിൽ ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർദേശിക്കുന്നു.

വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘം പ്രതിനിധികൾ, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ, ഭരണ ചുമതലയിലുള്ള ദേവസ്വം ഉദ്യോഗസ്ഥരുൾപ്പെടെ പരിഹാരക്രിയ ചെയ്യണമെന്നാണ് തന്ത്രിയുടെ നിർദേശം. അതേസമയം, ആചാരലംഘന വിഷയത്തിൽ പള്ളിയോട സേവാസംഘം ഭാരവാഹികളുടെ വിശദീകരണവും ലഭ്യമായിട്ടില്ല.