തൃശൂരിൽ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു; സ്വകാര്യ ആശുപത്രിയിൽ പ്രതിഷേധം, അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍

തൃശൂര്‍: ആശുപത്രിയിലെ തൃശൂരിൽ ചികിത്സക്കിടെ യുവാവ് മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ യുവാവ് മരിച്ചത്. ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കളെത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തൃശൂർ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് ( 41 ) ആണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയാണ് മരണം. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് ഇല്യാസിന് ജീവൻ നഷ്ടമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അനസ്തേഷ്യയിലെ പിഴവാണെന്ന്  ബന്ധുക്കള്‍ ആരോപിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്ത് എത്തി. ആശുപത്രിയിൽ രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് 4.30ഓടെയാണ് ചികിത്സക്കായി ഇല്യാസ് ആശുപത്രിയിലെത്തുന്നത് എത്തുന്നത്. തുടര്‍ന്ന് ഹെര്‍ണിയ അസുഖത്തിന് അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയായിരുന്നു. രാത്രി എട്ടരോടെയാണ് ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചതായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓപ്പറേഷനിടെ ശ്വാസം എടുക്കാനുണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അനസ്തേഷ്യ നൽകിയതിൽ അപാകതയുണ്ടായെന്നും കയ്യബദ്ധം സംഭവിച്ചുവെന്നും ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.