വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിൽ വ്യാജ എംബസി നടത്തിവന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ഹർഷവർധൻ ജെയിൻ യു.പി. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ (എസ്.ടി.എഫ്.) പിടിയിലായി

വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിൽ വ്യാജ എംബസി നടത്തിവന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ഹർഷവർധൻ ജെയിൻ യു.പി. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ (എസ്.ടി.എഫ്.) പിടിയിലായി. എട്ട് വർഷത്തോളമായി ഇയാൾ ഈ വ്യാജ എംബസി പ്രവർത്തിപ്പിച്ചു വരികയായിരുന്നു. ആഡംബര കെട്ടിടം വാടകയ്‌ക്കെടുത്താണ് ഇയാൾ എംബസി നടത്തിവന്നത്. സ്വയം ‘വെസ്റ്റ് ആർക്ടിക്കയുടെ ബാരൺ’ എന്ന് വിശേഷിപ്പിച്ചിരുന്ന ജെയിൻ, വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതാണ് പ്രധാന കുറ്റം. എംബസി കെട്ടിടവളപ്പിൽ പാർക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളും ഓഫീസിൽ നിന്ന് വ്യാജ പാസ്‌പോർട്ടുകളും എസ്.ടി.എഫ്. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്.

ജനങ്ങളിൽ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖർ എന്നിവർക്കൊപ്പം നിൽക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ജെയിൻ ഉപയോഗിച്ചിരുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിന് 2011-ൽ ജെയിനിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസം മുൻപ്, വെസ്റ്റ് ആർക്ടിക്ക എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ, ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറലിന്റെ ഫോട്ടോകൾ എന്ന പേരിൽ ജെയിനിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നതായും എസ്.ടി.എഫ്. സംഘം പറയുന്നു.

യു.എസ്. നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ട്രാവിസ് മക്‌ഹെൻറി 2001-ലാണ് ‘വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യം സ്ഥാപിച്ചത്. അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്നുവെന്ന് പറയപ്പെടുന്ന ഈ രാജ്യത്തിന്റെ ഗ്രാൻഡ് ഡ്യൂക്കായി ട്രാവിസ് സ്വയം പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. 6,20,000 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഈ രാജ്യത്ത് 2,356 പൗരന്മാരുണ്ടെന്നാണ് മക്‌ഹെൻറി അവകാശപ്പെടുന്നത്. സ്വന്തമായി ഒരു പതാകയും കറൻസിയും ഉണ്ടെങ്കിലും ലോകത്ത് ഒരു രാജ്യവും ഈ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.