പ്രവാസികളുടെ പ്രിയ നേതാവ് ഡോ. എം അനിരുദ്ധന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ഫൊക്കാന സ്ഥാപക പ്രസിഡൻ്റ് ഡോ. എം അനിരുദ്ധൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മലയാളികളുടെ അമേരിക്കയിലെ അനൗദ്യോഗിക അംബാസിഡർ ആയിരുന്നു അദ്ദേഹം. എല്ലാകാലത്തും അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃസ്ഥാനത്ത് അനിരുദ്ധൻ നിലകൊണ്ടു. ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമ വേദിയാക്കി മാറ്റാൻ അനിരുദ്ധന് സാധിച്ചു.

നോർക്ക ഡയറക്‌ടർ ബോർഡ്‌ അംഗം എന്ന നിലയിൽ അമേരിക്കൻ മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം പ്രവർത്തിച്ചു. പോഷകാഹാര ഗവേഷണത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൊയ്‌തു. അമേരിക്കയിലെ ആദ്യത്തെ സ്പോർട്‌സ് ന്യൂട്രീഷൻ ഉൽപ്പന്നമായ ഐസോസ്റ്റാർ വികസിപ്പിച്ചത് അനിരുദ്ധൻ്റെ നേതൃത്വത്തിലായിരുന്നു.

ലോക കേരള സഭയുടെ തുടക്കം മുതലുള്ള അംഗമായിരുന്നു ഡോ. അനിരുദ്ധൻ. പ്രളയകാലത്തായാലും കോവിഡ് കാലത്തായാലും അദ്ദേഹം അകമഴിഞ്ഞ സംഭാവന നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മ‌രിച്ചു.

ഇത്തവണ ആരോഗ്യ പരിശോധനകൾക്കായി അമേരിക്കയിൽ ചെന്നപ്പോൾ നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. ഡോ. എം അനിരുദ്ധൻ്റെ ആകസ്‌മിക വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. അമേരിക്കൻ മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.