ടീമിൽ നിന്ന് പുറത്താക്കാൻ അവസരം നൽകാതിരിക്കാനും അവർ ദൃഢനിശ്ചയം എടുത്തിരുന്നു
ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും പരാജയപ്പെടുന്നത് കാണാൻ കാത്തിരിക്കുന്ന സെലക്ടർമാരുണ്ടെന്ന് മുൻ താരം മുഹമ്മദ് കൈഫ്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ പ്രകടനം കോഹ്ലിക്കും രോഹിത്തിനും നിർണായകമായിരുന്നെന്നും കൈഫ് അഭിപ്രായപ്പെട്ടു. സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ രോഹിത്തും കോഹ്ലിയും നിർണായക പ്രകടനം പുറത്തെടുത്തതിന് ശേഷമായിരുന്നു കൈഫ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
തങ്ങൾ പരാജയപ്പെടുന്നത് കാണാൻ ആളുകൾ കാത്തിരിക്കുന്നുണ്ടെന്ന് രോഹിത്തിനും കോഹ്ലിക്കും അറിയാം. മോശം ഇന്നിംഗ്സിന് ശേഷം കോഹ്ലിയെ പുറത്താക്കേണ്ട സാഹചര്യമായിരുന്നു അത്. നിരവധി കളിക്കാർ അവരുടെ ഊഴത്തിനായി കാത്തിരിക്കുന്നതിനാൽ സെലക്ടർമാർ കടുത്ത തീരുമാനം എടുക്കുമായിരുന്നു. എന്നാൽ അവർ ആത്മവിശ്വാസത്തോടെയും ശ്രദ്ധയോടെയും കളിച്ചു. ഫോർമാറ്റിൽ അവരുടെ നിബന്ധനകൾ പാലിക്കാനും ആർക്കും അവരെ ടീമിൽ നിന്ന് പുറത്താക്കാൻ അവസരം നൽകാതിരിക്കാനും അവർ ദൃഢനിശ്ചയം എടുത്തിരുന്നു. അവർ ആ പരീക്ഷണത്തിൽ വിജയിക്കുകയും ചെയ്തു.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിഡ്നിയിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയ രോഹിത്തും അർധ സെഞ്ച്വറി നേടിയ കോഹ്ലിയുമാണ് ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. 25 പന്തില്‍ നിന്ന് പുറത്താവാതെ 121 റണ്‍സ് അടിച്ചെടുത്ത രോഹിത്താണ് പ്ലെയര്‍ ഓഫ് ദ സീരീസായും സിഡ്നി ഏകദിനത്തിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്ലി സിഡ്നിയിൽ തകർപ്പൻ അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 81 പന്തിൽ ഏഴ് ബൗണ്ടറികളടക്കം 74 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ്ലി മുൻ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
