‘ശതകോടീശ്വരന്മാരുടെ വായ്പ എഴുതിത്തള്ളുന്ന കേന്ദ്രത്തിന് പാവങ്ങളുടെ കടം തള്ളാൻ എന്താണ് പ്രശ്‌നം’; കെ രാജൻ

‘കേരളത്തിന് കിട്ടേണ്ട സഹായത്തിനായി മലയാളികളുടെ വികാരമാണ് ഏത് പാർട്ടിയാണെങ്കിലും പ്രതിഫലിപ്പിക്കേണ്ടത്’

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാനമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ രാജൻ. രാജീവ് ചന്ദ്രശേഖർ പറയുന്ന വാദങ്ങൾതന്നെയാണ് കേന്ദ്രം കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഉന്നയിച്ചത്. രാജീവ് ചന്ദ്രശേഖർ പറയുന്ന ന്യായവാദങ്ങൾക്കുള്ള മറുപടി കോടതി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര വാദം കോടതിയിൽ ഉന്നയിച്ച അഭിഭാഷകനോട് കോടതി പറഞ്ഞത് അറിയില്ലെങ്കിൽ പോയി ഭരണഘടന വായിച്ച് വരൂവെന്നും ആരെയാണ് വിഡ്ഢികളാക്കുന്നത് എന്നുമാണ്. കേരളം ഈ ചോദ്യമാണ് അവരോട് ചോദിക്കുന്നതെന്നും മന്ത്രി റിപ്പോർട്ടറിനോട് വ്യക്തമാക്കി.

ശതകോടീശ്വരന്മാരുടെ വായ്പ എഴുതിത്തള്ളാൻ കേന്ദ്രത്തിന് സാധിച്ചുവെന്നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പക്ഷമെങ്കിൽ, 2005ൽ പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ സെക്ഷൻ കേരളത്തിലെ പാവങ്ങൾക്കായി ഉപയോഗിക്കാൻ എന്താണ് പ്രശ്‌നമെന്നും രാജൻ പറഞ്ഞു.

കേരളത്തിന് പണം തരില്ല, രാഷ്ട്രീയപരമായ പ്രശ്‌നമാണത്. എന്നാൽ പാവപ്പെട്ട മനുഷ്യരുടെ കടം എഴുതിത്തള്ളാനുള്ള നിർദേശം നൽകാൻ അമിത് ഷാ ചെയർമാനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമുണ്ടെന്ന് 2005ലെ പാർലമെന്റ് പാസാക്കിയ നിയമത്തിലുണ്ട്. ആ നിയമത്തെ മുൻനിർത്തി കേരളം ഇക്കാര്യം ഉന്നയിച്ചപ്പോൾ ഒരു വർഷക്കാലം കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുന്നിൽ പരിഗണിക്കുമെന്ന് പറഞ്ഞ കേന്ദ്ര സർക്കാരാണ് ഇപ്പോൾ ഞങ്ങൾ ആ സെക്ഷൻ എടുത്തുകളഞ്ഞുവെന്ന് പറയുന്നത്. ദുരന്തം ഉണ്ടായതു മുതൽ കേന്ദ്ര സർക്കാർ തെറ്റായ വിവരങ്ങൾ നൽകുകയും കേരളത്തെ ബോധപൂർവ്വം ആക്രമിക്കുകയും ചെയ്യുകയാണ്. അത്തരം സാഹചര്യത്തിൽ ഏതെങ്കിലും വിധത്തിൽ കേരളത്തിന് കിട്ടേണ്ട സഹായത്തിനായി മലയാളികളുടെ വികാരമാണ് ഏത് പാർട്ടിയാണെങ്കിലും പ്രതിഫലിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ സ്വാഗതം ചെയ്താണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്ത് വന്നത്. സംസ്ഥാന സർക്കാർ ആണ് വായ്പകൾ എഴുതിത്തള്ളാൻ നേതൃത്വം നൽകേണ്ടതെന്നും കേന്ദ്രസർക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ലെന്നും റിസർവ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

ബാങ്കിന്റെ വായ്പകൾ കേന്ദ്രത്തിന് എഴുതിത്തള്ളാനാവില്ല. ഇക്കാര്യത്തിനായി ബാങ്കുകളെ നിർബന്ധിക്കാൻ കേന്ദ്രത്തിന് അത്തരമൊരു അധികാരമോ ഒരു റോളോ ഇല്ല. ചോദിക്കുന്നവർക്കും പറയുന്നവർക്കും ഇക്കാര്യം മനസിലാകണം. വയനാട് ദുരന്തത്തിൽ ആർക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് സംസ്ഥാന സർക്കാരാണ് ആനുകൂല്യം കൊടുണ്ടത്. സബ്‌സിഡി നൽകുകയാണ് ചെയ്യേണ്ടത്. ഉത്തർപ്രദേശിൽ യോഗി സർക്കാർ ചെയ്തത് കേരളത്തിലും മാതൃകയാക്കണം. വായ്പ എഴുതിത്തള്ളലും ഇളവുകളും നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. സർക്കാരാണ് അത് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.

അതേസമയം വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞിരുന്നു. മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.


ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.


കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി, വായ്പ എഴുതിത്തള്ളാൻ മനസുണ്ടോയെന്നതാണ് പ്രശ്നമെന്നും എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ലെന്നും പറഞ്ഞു. വായ്പ എഴുതിതള്ളുന്നതിന് ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന വായിച്ചിട്ട് വരൂവെന്നും ഉദ്യോഗസ്ഥർ ഭരണഘടന വായിച്ചിട്ടില്ലേ എന്നും കോടതി ചോദിച്ചിരുന്നു.