കാലിഫോര്‍ണിയ: ബഹിരാകാശ പര്യവേഷണങ്ങളിൽ മാനവരാശി മറ്റൊരു ചരിത്ര നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. നമ്മുടെ സൗരയൂഥത്തിന് പുറത്ത് മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളായ 6,000-ത്തിലധികം എക്സോപ്ലാനറ്റുകളുടെ (സൗരയൂഥേതരഗ്രഹം) കണ്ടെത്തൽ നാസ സ്ഥിരീകരിച്ചു. ഈ കണ്ടെത്തൽ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ പൂർണ്ണമായും മാറ്റിമറിക്കുമെന്ന് നാഴികക്കല്ല് പ്രഖ്യാപിച്ചുകൊണ്ട് നാസ പറഞ്ഞു. ഇനിയും 8,000 സാധ്യതയുള്ള ഗ്രഹങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അതിനാല്‍ ബഹിരാകാശ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്ന എക്‌സോപ്ലാനറ്റുകളുടെ എണ്ണം വരും വർഷങ്ങളിൽ അതിവേഗം വർധിച്ചേക്കാം. എന്നാല്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളോ വാസയോഗ്യമായ ഗ്രഹങ്ങളോ ഇവയിലുണ്ട് എന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ ശാസ്‌ത്രലോകത്തിന് കഴിഞ്ഞിട്ടില്ല.
തിരിച്ചറിഞ്ഞ എക്‌സോപ്ലാനറ്റുകള്‍ ഒന്നും ഭൂമിയെപ്പോലെയല്ല
ഇതുവരെ കണ്ടെത്തിയ ഈ എക്‌സോപ്ലാനറ്റുകളൊന്നും ഭൂമിയെപ്പോലെ അല്ല എന്നാണ് ഗവേഷകർ പറയുന്നത്. ‘ഞങ്ങൾ 6,000 ഗ്രഹങ്ങളെ കണ്ടെത്തിയെന്നും പക്ഷേ അവയൊന്നും ഭൂമിയെപ്പോലെയല്ല’- എന്നും നാസയുടെ എക്സോപ്ലാനറ്റ് ആർക്കൈവിൽ പ്രവർത്തിക്കുന്ന കാൽടെക്കിലെ ജ്യോതിശാസ്ത്രജ്ഞയായ അറോറ കെസ്സെലി സ്പേസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 6,000 എക്സോപ്ലാനറ്റുകൾ കണ്ടെത്തിയിട്ടും ഇപ്പോഴും എക്സോപ്ലാനറ്റുകൾക്കായി തിരഞ്ഞുകൊണ്ടിരിക്കുന്നത് ഭൂമിയെപ്പോലെയുള്ള ഒരു ഗ്രഹം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ടാണെന്നും അദേഹം പറയുന്നു. വരാനിരിക്കുന്ന നിരവധി ദൗത്യങ്ങൾ ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പുതിയ ദൗത്യങ്ങൾ
ഭാവിയിൽ നിരവധി പുതിയ ഗ്രഹ കണ്ടെത്തൽ ദൗത്യങ്ങൾ വിക്ഷേപിക്കപ്പെടും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്ലാറ്റോ ആയിരിക്കും ഇതിൽ ആദ്യം ബഹിരാകാശത്തേക്ക് പോകുന്നത്. 2026 ഡിസംബറിൽ പ്ലാറ്റോ വിക്ഷേപിക്കപ്പെടും. ഭൂമിക്ക് സമാനമായ വലിപ്പമുള്ള ഗ്രഹങ്ങളെ തിരയുക എന്ന ദൗത്യവുമായാണ് പ്ലാറ്റോ പറക്കാൻ ഒരുങ്ങുന്നത്. ഒരുവർഷത്തിനുശേഷം നാസയുടെ നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനി വിക്ഷേപിക്കപ്പെടും. ഈ വിവിധോദ്ദേശ്യ ബഹിരാകാശ ദൂരദർശിനി ഗുരുത്വാകർഷണ മൈക്രോലെൻസിംഗ് വഴി ദൃശ്യമാകുന്ന ഗ്രഹങ്ങളെ കണ്ടെത്താൻ ശ്രമിക്കും. 2028-ൽ ചൈന നാഷണൽ സ്‌പേസ് അഡ്‌മിനിസ്ട്രേഷൻ എർത്ത് 2.0 ദൗത്യം ആരംഭിക്കാൻ പദ്ധതിയിടുന്നു. സൂര്യനെപ്പോലുള്ള നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ദൗത്യങ്ങള്‍ക്കായി ഇത് വിക്ഷേപിക്കപ്പെടും. ഈ മൂന്ന് ദൗത്യങ്ങളും ഒരേസമയം പുരോഗമിക്കും. ഒപ്പം നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റ്‌ലൈറ്റ് കൂടി പ്രവർത്തനക്ഷമമാകുന്നതോടെ പുതിയ എക്സോപ്ലാനറ്റ് കണ്ടെത്തലുകളുടെ ഒരു പ്രളയം തന്നെ സംഭവിക്കും എന്നാണ് ഗവേഷകർ കരുതുന്നത്.
എന്താണ് എക്‌സോപ്ലാനറ്റുകൾ?
നമ്മുടെ സൗരയൂഥത്തിന് പുറത്ത് സ്ഥിതിചെയ്യുന്നതും, മറ്റ് നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നതുമായ ഗ്രഹങ്ങളെയാണ് എക്‌സോപ്ലാനറ്റുകൾ എന്ന് പറയുന്നത്. ഇത്തരം സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ 1990-കളിൽ ആരംഭിക്കുകയും, ആദ്യത്തെ എക്‌സോപ്ലാനറ്റിന്‍റെ കണ്ടെത്തല്‍ 1992-ൽ സ്ഥിരീകരിക്കുകയും ചെയ്‌തു. ഭൂമിക്ക് സമാനമായ എക്‌സോപ്ലാനറ്റുകളുണ്ടോ എന്നതാണ് ശാസ്ത്രലോകത്തിന്‍റെ ഏറ്റവും വലിയ ആകാംക്ഷ. ജീവയോഗ്യമായ മറ്റ് ഗ്രഹങ്ങളെ തിരിച്ചറിയാനുള്ള മനുഷ്യന്‍റെ പ്രയാണത്തില്‍ നിര്‍ണായകമാണ് എക്‌സോപ്ലാനറ്റുകളുടെ കണ്ടെത്തലുകള്‍
