മുംബൈ: ആഗോള സാമ്പത്തിക വളർച്ചയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും 2026ൽ ഇന്ത്യയിലെ ശമ്പളം ഒമ്പത് ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് സർവേ ഫലം. ശക്തമായ ആഭ്യന്തര ഉപഭോഗം, നിക്ഷേപം, സർക്കാർ നയങ്ങൾ എന്നിവയുടെ പിൻബലത്തിലാണ് ഈ വളര്‍ച്ചയുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. ആഗോള പ്രൊഫഷണൽ സർവീസസ് സ്ഥാപനമായ എഒഎൻ നടത്തിയ ‘വാർഷിക ശമ്പള വർധനവ്, ടേൺഓവർ സർവേ 2024-25 ഇന്ത്യ’ അനുസരിച്ച്, ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലായിട്ടും 2025ൽ രേഖപ്പെടുത്തിയ 8.9 ശതമാനം ശമ്പള വർദ്ധനവിനെക്കാൾ നേരിയ വർദ്ധനവാണ് 2026ൽ പ്രവചിക്കുന്നത്. ശക്തമായ ആഭ്യന്തര ഉപഭോഗം, നിക്ഷേപങ്ങൾ, നയപരമായ നടപടികൾ എന്നിവയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഈ വെല്ലുവിളികൾക്കിടയിലും പിടിച്ചുനിർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുന്നിൽ റിയൽ എസ്റ്റേറ്റ്, എൻബിഎഫ്സി മേഖലകൾ
45 വ്യവസായങ്ങളിലായി 1,060 സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് എഒഎൻ 30-ാമത് വാർഷിക സർവേ തയ്യാറാക്കിയത്. വ്യവസായങ്ങൾക്കനുസരിച്ച് ശമ്പള വർദ്ധനവിൽ വ്യത്യാസം ഉണ്ടാകും. റിയൽ എസ്റ്റേറ്റ്/ഇൻഫ്രാസ്ട്രക്ചർ (10.9 ശതമാനം), നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFCs – 10 ശതമാനം) എന്നീ മേഖലകളിലായിരിക്കും 2026ൽ ഏറ്റവും കൂടുതൽ വർദ്ധനവ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, ഓട്ടോമോട്ടീവ്/വാഹന നിർമ്മാണ മേഖലയിൽ 9.6 ശതമാനം ശമ്പള വർദ്ധനവും, എഞ്ചിനീയറിംഗ് ഡിസൈൻ സർവീസസിൽ (9.7 ശതമാനം), റീട്ടെയിൽ (9.6 ശതമാനം), ലൈഫ് സയൻസസ് (9.6 ശതമാനം) എന്നീ മേഖലകളിലും ശമ്പള വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. നിർണായകമായ പ്രതിഭകളിൽ ഈ മേഖലകൾ തുടരുന്ന നിക്ഷേപമാണ് ഇത് സൂചിപ്പിക്കുന്നത്.
