അടുത്ത കൊല്ലം താൻ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും തിരക്കഥ പൂർത്തിയായെന്നും രമേശ് പിഷാരടി
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാനഗന്ധർവൻ. പഴയ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് സദസ്സിനെ കൈയിലെടുക്കുന്ന കലാസദൻ ഉല്ലാസ് എന്ന ഗായകനായാണ് മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ സിനിമ ഉണ്ടാകാനുള്ള കാരണം പറയുകയാണ് രമേശ് പിഷാരടി. തന്റെ ജീവിതത്തിൽ കണ്ട രണ്ട് അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഉണ്ടായതെന്ന് രമേശ് പിഷാരടി പറഞ്ഞു.
‘പഞ്ചവർണ തത്ത കഴിഞ്ഞ് ഒരു സാമൂഹ്യ വിഷയം ചെയ്യണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ പല കേസുകളിലും സ്ത്രീപക്ഷം, നിയമങ്ങൾ സ്ത്രീകൾക്ക് അനുകൂലം ആണ്. ഈ ഒരു കാര്യം ദുരുപയോഗം ചെയ്യുന്ന ആളുകൾ ഉണ്ട്. ഒരു വേദിയുടെ ബാക്കിൽ നിന്ന് കമ്മറ്റിയിൽ നിന്നുള്ള ആളും കലാകാരിയുമായി തർക്കം ഉണ്ടായി. ചെക്ക് കൊടുക്കണോ ക്യാഷ് കൊടുക്കണോ എന്ന കാര്യത്തിലാണ് തർക്കം. ഈ തർക്കം മൂത്തപ്പോൾ ശബ്ദം ഉയർത്തിയുള്ള വഴക്കായി. എടി, പോടീ എന്ന വിളിയിലേക്ക് എത്തി. പെട്ടന്ന് ഈ പുള്ളിക്കാരി പറഞ്ഞു ധൈര്യമുണ്ടെങ്കിൽ താൻ എന്നെ കേറി പിടിക്കടോ എന്ന്. കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, കാരണം ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ്. ഇത് ഞാൻ കണ്ട ഒരു വിഷയം ആണ്.
പിന്നീട് ഒരു സുഹൃത്തിന് ഡിവോഴ്സ് ഫയൽ ചെയ്യേണ്ട സമയത്ത് അദ്ദേഹത്തിന്റെ ആ ഭാര്യ പുള്ളിയുടെ അച്ഛനും ഉപദ്രവിച്ചുവെന്ന് പറഞ്ഞു കേസ് കൊടുത്തു. കേസിന് ബലം കിട്ടാൻ. അദ്ദേഹം വല്ലാതെ ദുഖിച്ചു പോയി. ഇത് രണ്ടും കണ്ട ഞാൻ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഒരുപാട് കേസുകൾ ഇങ്ങനെ ഉണ്ടാകുന്നുണ്ട്. ഇതാണ് ഞാൻ ഗാനഗന്ധർവൻ എന്ന സിനിമയാക്കിയത്. പക്ഷെ ആളുകൾ സ്റ്റേജ് കോമഡിയും കലാകാരുടെ കഥയും ആവാം ആ സിനിമയിൽ പ്രതീക്ഷിച്ചത്,’ രമേശ് പിഷാരടി പറഞ്ഞു. അടുത്ത കൊല്ലം താൻ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും തിരക്കഥ പൂർത്തിയായെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു. തനിക്ക് സമയം ഇല്ലെങ്കിൽ തന്റെ കഥയിൽ മറ്റൊരാൾ സംവിധാനം ചെയ്യുമെന്നും ഒന്നിൽ കൂടുതൽ കഥകൾ ഉണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു.
