അയ്യപ്പ വിഗ്രഹം കൂടി കൊണ്ടു പോകാനായിരുന്നു പ്ലാൻ, സ്വർണം മോഷ്ടിച്ച് വിറ്റത് ഏത് കോടീശ്വരനാണെന്ന് കടകംപള്ളിക്കറിയാം’; വി.ഡി സതീശൻ

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദ്വാരപാലക വിഗ്രഹം ഒരു കോടീശ്വരന് വിറ്റു. കടകംപള്ളിയോട് ചോദിച്ചാൽ ആർക്കാണ് വിറ്റത് എന്നറിയാം. സ്വർണ്ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സർക്കാരിന് പറയാനുള്ളത് പറയണ്ടേ. എന്താണ് ഇത്രയും നാൾ ആയി മിണ്ടാതെ ഇരുന്നത്. കോൺഗ്രസ്‌ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും വി ഡി സതീശൻ അറിയിച്ചു. കട്ടളപ്പടിയും വാതിലും എല്ലാം അടിച്ചു കൊണ്ടുപോയി.

ഇപ്രാവശ്യം അയ്യപ്പ വിഗ്രഹം കൂടി കൊണ്ടു പോകാനായിരുന്നു പ്ലാൻ എന്നും വി ഡി സതീശൻ ആരോപിച്ചു. സ്റ്റേറ്റ് പോലീസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാരിനോട് അല്ല എസ്.ഐ.ടി രൂപീകരിക്കാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിനുള്ള അന്വേഷണത്തിനെതിരല്ല.

കേരളത്തിന് പുറത്തുള്ള സംസ്ഥാനത്താണ് ഇത് വിറ്റത്. ഇനി കൊണ്ടുപോകാൻ അയ്യപ്പ വിഗ്രഹം മാത്രമാണ് ഉള്ളത്. അതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും വിളിച്ചു വരുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങുമെന്നും സതീശൻ വ്യക്തമാക്കി. അടിച്ചുമാറ്റാൻ കഴിയുന്ന മുഴുവൻ സാധനങ്ങളും അടിച്ചുമാറ്റി. മന്ത്രി വാസവനും ദേവസ്വം ബോർഡ് പ്രസിഡന്‍റും രാജിവയ്ക്കണം. സഭയിൽ പ്രകോപനം ഉണ്ടാക്കിയത് മുഖ്യമന്ത്രിയാണ്. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു.